രാജസ്ഥാനിലെ ഉദയ്പുര്‍ സിറ്റിയില്‍ രാത്രി എട്ടരയോടെ റോഡിലിറങ്ങിയ പുള്ളിപ്പുലിയുമായി പാൽ വിതരണക്കാരന്റെ ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികനും പുള്ളിപ്പുലിക്കും സാരമായി പരിക്കേറ്റു. പാല് മുഴുവൻ മറിഞ്ഞുപോകുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മതിൽ ചാടി റോഡിലേക്കിറങ്ങിയ പുള്ളിപ്പുലി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ബൈക്കുമായി കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികനും പുള്ളിപ്പുലിയും റോഡിൽ വീണു. സാരമായി പരിക്കേറ്റ പുള്ളിപ്പുലി അല്പസമയം റോഡിൽ കിടന്നശേഷമാണു എഴുന്നേറ്റു പോയത്. പുലി ഇരുട്ടിൽ മറഞ്ഞശേഷം സമീപമുണ്ടായിരുന്നവർ ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി എത്തുന്നതും വീഡിയോയില്‍ കാണാം.
ഉദയ്പുരില്‍ 2023ല്‍ മാത്രം പുലിയുടെ 80 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുലിയാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. 2017ല്‍ രാജസ്ഥാനില്‍ 507 പുലിയാണ് ഉണ്ടായിരുന്നതെങ്കില്‍ 2025 ലത് 925 ആയി ഉയർന്നതായാണു കണക്കുകൾ.