മണ്ണാർക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് വീണ്ടും പുലിയുടെ ആക്രമണം. രണ്ടുപശുക്കളെ പുലി അക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
ഉപ്പുകുളം ആനക്കുണ്ടിൽ എൻഎൻഎസ് എസ്റ്റേറ്റിനു സമീപം മേയാൻവിട്ട കുളങ്ങര മമ്മിയുടെ രണ്ടു പശുക്കളെയാണ് പുലികൾ ആക്രമിച്ചത്.
സമീപത്തുണ്ടായിരുന്നവർ ശബ്ദം ഉണ്ടാക്കിയതോടെ പശുക്കളെ വിട്ട് ഓടുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. വന്യജീവി ശല്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം അറിയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.
ഉപ്പുകുളം മേഖലയിൽ ഒരു വർഷത്തിനിടെ ഇരുപതോളം കർഷകരുടെ കന്നുകാലികളേയും ആടുകളേയും പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്.
കൂടാതെ നിരവധി വളർത്തുനായ്ക്കളേയും പുലി കൊന്നിട്ടുണ്ട്. ഇതിനിടെ ഉപ്പുകുളത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവവും ഉണ്ടായി.
തുടർന്ന് വനപാലകർ കെണികൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കടുവയോ, പുലിയോ കെണിയിൽ വീണിട്ടില്ല.
അകത്തേത്തറയിലും പുലിയുടെ ആക്രമണം; മാൻകുട്ടിയും ആടും ചത്തു
പാലക്കാട് : അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജിനു സമീപം അഴകന്പാറയിൽ പുലിയുടെ ആക്രമണത്തിൽ മാൻകുട്ടിയെയും ഗർഭിണിയായ ആടിനെയും ചത്ത നിലയിൽ കണ്ടെത്തി.
ഒരു മാൻകുട്ടിയെയും ആദിവാസി കോളനിയിൽ നിന്നും കാണാതായ ആടുകളെയും വനയോര മേഖലയിൽ ചത്തനിലയിൽ കണ്ടെത്തി.
മാൻകുട്ടിയുടെയും ആടിന്റെയും ശരീരത്തിലെ ആഴമേറിയ മുറിവുകളും സമീപത്തു കാണപ്പെട്ട കാല്‍പ്പാടുകളും വനംവകുപ്പ് പരിശോധിച്ചു.
പരിശോധനയിൽ പുലിയുടെ ആക്രമണത്തിലാണ് ഇവ ചത്തതെന്ന് സ്ഥിരീകരിച്ചു. മുൻപും പുലിയുടെ ആക്രമണത്തിൽ ആടുകൾ ചത്തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
വനം വകുപ്പിന് പരാതി നല്‍കിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും പ്രദേശവാസികളിൽ നിന്നും ഉയരുന്നുണ്ട്.