തൃശൂർ: അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപം പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ പുലി ഇറങ്ങിയത്. രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. ഉടൻതന്നെ പുലിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ.
അധികസമയം അവിടെ നിന്നാൽ പുലിയുടെ കണ്ണിൽപ്പെടുമെന്ന് ബോധ്യമായ യാത്രക്കാർ ഭയന്ന് അവിടെ നിന്നും പോയി. ജനവാസ മേഖലയിൽ പുലിയുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു. ഭീതി കാരണം പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലന്നും അവർ കൂട്ടിച്ചേർത്തു. വളർത്തു മൃഗങ്ങളെ വ്യാപകമായി പിടി കൂടുന്നതായി പരാതി ഉയർന്നു.
പത്തനംതിട്ടയിലും പുലി ഇറങ്ങി. പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. വാലുപാറ സ്വദേശി സുനിലിന്റെ വളർത്തുനായയെ ആണ് പുലി കടിച്ചുകൊന്നത്.