മൃഗങ്ങളുടെ വീഡിയോ വൈറലാവുന്നത് പുതുമയുള്ള കാര്യമല്ല. പലപ്പോഴും മറ്റുള്ള വീഡിയോകളേക്കാളും രസകരമാണ് മൃഗങ്ങളുടെ വീഡിയോ. മുളളന്പന്നികളെ ആക്രമിക്കാനെത്തിയ പുള്ളപ്പുലിയ്ക്ക് ഒരു മുള്ളന്പന്നി കൊടുത്ത പണിയാണ് ഇപ്പോള് സോഷ്യല് മീഡിയയിലടക്കം വൈറലായിരിക്കുന്നത്. സൗത്താഫ്രിക്കയിലെ ക്രൂഗര് നാഷണല് പാര്ക്കിലാണ് മുള്ളന് പന്നികളെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിയെ അവ തിരിച്ചാക്രമിച്ചത്. വിശന്നു വലഞ്ഞ പുള്ളിപ്പുലിയാണ് മുള്ളന് പന്നികളെ പിടിക്കാനൊരുങ്ങിയത്. വിനോദ സഞ്ചാരിയായ ഡോനോവന് പികേതാണ് ഈ അപൂര്വ ദൃശ്യങ്ങള് വിഡിയോയില് പകര്ത്തിയത്.
രണ്ടു മുള്ളന്പന്നികളെയും ഓടിച്ചിട്ടു പിടിക്കാന് ശ്രമിച്ച പുള്ളിപ്പുലിക്ക് എട്ടിന്റെ പണിയാണു കിട്ടിയത്. പുള്ളിപ്പുലിക്കു നേരെ കനത്ത പ്രത്യാക്രമണമാണ് മുള്ളന്പന്നികള് നടത്തിയത്. ശരീരം നിറയെ മുള്ളുകള് തെറിപ്പിച്ചാണ് മുള്ളന് പന്നികള് പകരം വീട്ടിയത്. ശരീരം നിറയെ തറച്ചുകയറിയ മുള്ളുകള് കുത്തിയിരുന്നു പെറുക്കുന്ന പുള്ളിപ്പുലിയെയും ദൃശ്യങ്ങളില് കാണാം. മുന്പും മുള്ളന് പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിയെ ആക്രമിക്കുന്ന ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ടെങ്കിലും അതില് നിന്നെല്ലാം വ്യത്യസ്തമാണ് ഈ ദൃശ്യങ്ങള്. കാരണം ആക്രമണം കഴിഞ്ഞു ശരീരത്തില് തറഞ്ഞു കയറിയ മുള്ളുകള് പെറുക്കിക്കളയുന്ന പുള്ളിപ്പുലിയാണ് വീഡിയോ ക്ലിപ്പിങ്ങിലെ ഹൈലൈറ്റ്. പത്തുലക്ഷത്തോടടുത്ത് ആളുകളാണ് ഇതിനോടകം രസകരമായ ഈ വീഡിയോ കണ്ടുകഴിഞ്ഞത്.