തന്റെ കമിതാവായ തിരുവനന്തപുരം സ്വദേശിയായ യുവതിയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്നാരോപിച്ച യുവതിയെ തിങ്കളാഴ്ച പോലീസ് കോടതിയില്‍ ഹാജരാക്കി. അവരുമായി സംസാരിച്ച ശേഷമായിരുന്നു ഇരുവര്‍ക്കും ഇഷ്ടമായ തീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്. തിരുവനന്തപുരത്തുള്ള യുവതിയുമായി താന്‍ അടുപ്പത്തിലാണെന്നും വേര്‍പിരിയാനാവില്ലെന്നും പറഞ്ഞായിരുന്നു കൊല്ലംകാരിയായ യുവതി കോടതിയെ സമീപിച്ചത്. രണ്ട് സ്ത്രീകള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് സുപ്രീം കോടതി വിധിയുണ്ടെന്നും കൊല്ലം സ്വദേശിനി ബോധിപ്പിച്ചു.
ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശിനിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അപ്പോള്‍ മജിസ്‌ട്രേറ്റ് കോടതി ഇവരെ ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ യുവതിയെ ചിലര്‍ ബലംപ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് യുവതിയെ മാനസികചികിത്സാകേന്ദ്രത്തിലാക്കിയെന്ന് ഫോണ്‍ സന്ദേശം കൊല്ലം സ്വദേശിനിയ്ക്ക് ലഭിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരി വ്യക്തമാക്കി.