അരിസോന: ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോ സ്വവർഗ വിവാഹത്തിന് ക്ഷണകത്ത് ഡിസൈൻ ചെയ്തു നൽകാൻ വിസമ്മതിച്ചതിനെതിരെ ഫോനിക്സ് സിറ്റി അധികൃതർ സ്വീകരിച്ച നിയമ നടപടി അരിസോന കോടതി തള്ളി.
സ്റ്റുഡിയോ ഉടമകളായ ആർട്ടിസ്റ്റുകൾ തങ്ങൾക്ക് വിവാഹ ക്ഷണകത്ത് നിർമിച്ചു നൽകാൻ വിസമ്മതിച്ചതിനെതിരെ സ്വവർഗ ദന്പതികൾ ഫോനിക്സ് ലോവർ കോടതിയിൽ പരാതി നൽകിയിരുന്നു. ആർട്ടിസ്റ്റുകളായ ജൊആന, ബ്രിയാന എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സ്വവർഗ ദന്പതികൾക്കനുകൂലമായി കോടതി വിധി പറഞ്ഞിരുന്നു.
എന്നാൽ, ഇതിനെതിരെ അരിസോന സുപ്രീംകോടതിയിൽ സ്റ്റുഡിയോ ഉടമകൾ അപ്പീൽ നൽകി. തങ്ങളുടെ മത വിശ്വാസമനുസരിച്ചു സ്വവർഗ വിവാഹത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നതു തെറ്റാണെന്നും ലോവർ കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. അപ്പീൽ കേട്ട സുപ്രീംകോടതി ഉടമകളുടെ വാദം ശരിയാണെന്ന് കണ്ടെത്തി.
കൊളറാഡോയിൽ കഴിഞ്ഞ വർഷം സ്വവർഗവിവാഹത്തിന് കേക്ക് ഉണ്ടാക്കി നൽകാൻ വിസമ്മതിച്ച ബേക്കറി ഉടമകളുടെ തീരുമാനം ശരിയാണെന്നു കോടതി വിധിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ