ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവം വിവാദമായതോടെ സംഭവത്തില്‍ ക്ഷമ ചോദിച്ച് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് കത്തയച്ചെങ്കിലും പ്രശ്നം അവസാനിപ്പിക്കാന്‍ തയാറാവാതെ മാധ്യമപ്രവര്‍ത്തക.
മാധ്യമപ്രവര്‍ത്തകയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ പറഞ്ഞതിങ്ങനെയാണ് ‘നിങ്ങള്‍ എന്നോടൊരു ചോദ്യം ചോദിച്ചു. അത് വളരെ നല്ല ചോദ്യമായിരുന്നു. നിങ്ങളുടെ കവിളില്‍ ഞാന്‍ തലോടിയത് എന്റെ പേരക്കുട്ടിയായി കണ്ടുകൊണ്ടാണ്. 40 വര്‍ഷമായി ഞാനും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ ആ തലോടല്‍ മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ നിനക്കായുള്ള പ്രോത്സാഹനമായിരുന്നു’.
എന്നാല്‍ ഗവര്‍ണറുടെ മാപ്പപേക്ഷ താന്‍ സ്വീകരിക്കാന്‍ തയാറാണെങ്കിലും കത്തില്‍ പരമാര്‍ശിച്ചിരിക്കുന്ന മറ്റ് കാര്യങ്ങള്‍ തനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് മാധ്യമപ്രവര്‍ത്തക ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. എന്നെ അഭിനന്ദിക്കാനാണ് താങ്കള്‍ അങ്ങനെ ചെയ്തതെന്ന് താനൊരിക്കലും അംഗീകരിക്കില്ലെന്നും അത് വിശ്വസനീയമല്ലെന്നും പെണ്‍കുട്ടി കുറിച്ചു. ഇതോടെ വിവാദം വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ്.
തമിഴ്നാട്ടില്‍ വിദ്യാര്‍ഥിനികളെ അധ്യാപിക അനാശാസ്യത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് വിളിച്ച വാര്‍ത്താ സമ്മേളനമാണ് വിവാദങ്ങളുടെയെല്ലാം തുടക്കം. ചെന്നൈയില്‍ ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതാണ് വിവാദമായത്.
അതിരൂക്ഷമായ രീതിയിലാണ് മാധ്യമപ്രവര്‍ത്തക ഗവര്‍ണറുടെ ആ നടപടിയെ വിമര്‍ശിച്ചത്.’പലവട്ടം ഞാന്‍ മുഖം കഴുകി. ഒരു പാട് മനോവിഷമവും ദേഷ്യവും തോന്നുന്നു. എനിക്ക് ഇതില്‍ നിന്ന് മോചിതയാകാനെ കഴിയുന്നില്ല. നിങ്ങള്‍ക്ക് അത് മുത്തച്ഛന്റെ സ്നേഹപ്രകടനം ആയിരിക്കും പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് തെറ്റ് തന്നെ’ അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Your excellency I accept your apology even though I am not convinced about your contention that you did it appreciate a question I asked https://t.co/NNs13wNqNE
— Lakshmi Subramanian (@lakhinathan) April 18, 2018