വഴിയിൽ കിടന്നു കിട്ടിയ പഴ്സിൽ നിന്നും പണം ചെലവഴിച്ച മകന്റെ പക്കൽ നിന്നും പേഴ്സ് തിരികെ വാങ്ങി ഉടമയ്ക്ക് കൊറിയറായി അയച്ച് നൽകി രക്ഷാകർത്താവ്. ചങ്ങനാശേരി സ്വദേശിയായ സബീഷ് വർഗീസിന്റെ ഗവേഷണ രേഖകൾ സൂക്ഷിച്ചിരുന്ന പെൻഡ്രൈവ് ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ പേഴ്സാണ് ചങ്ങനാശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ജൂണ് 17ന് നഷ്ടമായത്. തുടർന്ന് സബീഷ് പോലീസിൽ പരാതിയും നൽകിയിരുന്നു.
ഈ പേഴ്സ് വഴിയിൽ കിടന്ന് ലഭിച്ച കുട്ടി അതിനുള്ളിൽ നിന്നും 100 രൂപയെടുത്ത് മധുരപലഹാരങ്ങൾ വാങ്ങുകയായിരുന്നു. മകന്റെ കൈവശം പേഴ്സ് ഇരിക്കുന്നത് കണ്ട പിതാവ് കൊറിയറായി അത് യഥാർത്ഥ ഉടമയ്ക്കു തന്നെ തിരികെ നൽകുകയും ചെയ്തു.
പേഴ്സിലിരുന്ന പണം അനുവാദമില്ലാതെ ചെലവഴിച്ചതിന് ക്ഷമാപണം പറഞ്ഞ് ഒരു കുറിപ്പും അദ്ദേഹം കൊറിയറിനൊപ്പം അയച്ചിരുന്നു. “എന്റെ മകൻ ചെയ്ത തെറ്റിന് പൊറുക്കണം. സ്വീറ്റ്സ് വാങ്ങാൻ അവൻ 100 രൂപ മാത്രമെ പേഴ്സിൽ നിന്നുമെടുത്തിട്ടുള്ളു. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയിൽ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്ന് ഞങ്ങൾ അവനെ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷെ അവൻ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം’ എന്നാണ് ആ വലിയ പിതാവ് കുറിച്ചത്.
നഷ്ടപ്പെട്ടു പോയ വസ്തു തിരികെ ലഭിച്ചെന്ന് സബീഷ് തന്നെയാണ് സോഷ്യൽമീഡിയ വഴി അറിയിച്ചത്. “ഇത്രെയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവൻ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്. ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്തതെന്ന് ഓർത്ത് വിഷമിക്കരുത് പ്രായത്തിന്റെ കുസൃതിയായി മാത്രം കാണണമെന്നാണ് സബീഷ് പറയുന്നത്. തെറ്റുപറ്റുക മാനുഷികമാണ്. തെറ്റുതിരുത്തി മുന്നേറുക എന്നതാണ് ദൈവീകമെന്നും’ സബീഷ് കുറിച്ചു.
മാത്രമല്ല പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം ആ കുഞ്ഞിനെയും കുടുംബത്തെയും ഞങ്ങൾ സ്നേഹിക്കുന്നുവെന്നും അവന് നൽകാൻ സമ്മാനപ്പൊതിയും മധുരപലഹാരങ്ങളുമായി ഞങ്ങൾ കാത്തിരിക്കുന്നുവെന്നും അറിയിച്ചു.