ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്ഗ്രസിൽ വർക്കിംഗ് കമ്മിറ്റിക്കു മുകളിലായി ഉന്നത നേതാക്കളുടെ പാർലമെന്ററി ബോർഡ് രൂപീകരിക്കണമെന്ന് 23 നേതാക്കളുടെ കത്തിൽ ആവശ്യം.
പുതിയ മുഴുസമയ പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കളെഴുതിയ വിവാദ കത്തിലാണ് ബിജെപിയിലേതു പോലെ പാർലമെന്ററി ബോർഡ് രൂപീകരിക്കാൻ ആവശ്യം ഉന്നയിച്ചത്.
പാർലമെന്ററി ബോർഡ്, സംഘടനാ തെരഞ്ഞെടുപ്പ് അടക്കം തങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തുറന്ന ചർച്ച വേണമെന്നും തത്കാലം കാത്തിരുന്നു കാണാനുമാണു കത്തെഴുതിയ നേതാക്കളുടെ തീരുമാനം.
തങ്ങളെഴുതിയ കത്തു പൊതുചർച്ചയ്ക്കായി പുറത്തുവിടണമെന്നും കത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചു ഫലപ്രദമായ ചർച്ചയും നടപടികളും വേണമെന്നുമാണ് ആവശ്യം.
പ്രവർത്തക സമിതി യോഗത്തിൽ ഒറ്റപ്പെട്ടു പോയെങ്കിലും കത്തിൽ ഒപ്പുവച്ച നേതാക്കൾ പിൻവാങ്ങിയിട്ടില്ലെന്നതു പാർട്ടിയിൽ വലിയ ഭിന്നതയ്ക്കു കളമൊരുക്കിയിരിക്കുകയാണ്.
വർക്കിംഗ് കമ്മിറ്റി യോഗത്തിനു തൊട്ടുപിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ ഗുലാം നബി ആസാദിന്റെ വസതിയിൽ കത്തെഴുതിയ ഒൻപതു നേതാക്കൾ യോഗം ചേർന്നതു തന്നെ നീണ്ട കാലത്തേക്കുള്ള പോരാട്ടത്തിനുള്ള സൂചനയാണ്.
വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഗുലാം നബി, ആനന്ദ് ശർമ, മുകുൾ വാസ്നിക്, ജിതിൻ പ്രസാദ എന്നിവരും കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവരുമാണ് ഇന്നലെ രാത്രി പ്രത്യേകം കൂടിക്കണ്ട് ഭാവിപരിപാടികൾ ആലോചിച്ചത്.
പ്രവർത്തക സമിതി യോഗത്തിലെ തുറന്ന ചർച്ചകൾക്കു ശേഷം സോണിയാ ഗാന്ധി നടത്തിയ മറുപടി പ്രസംഗം തൃപ്തികരവും ആശാവഹവുമാണെന്നു നേതാക്കൾ വിലയിരുത്തി. തങ്ങളെ വിമതരായി ചിത്രീകരിക്കാനുള്ള ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളുടെ ശ്രമത്തിൽ ഇവർ അസംതൃപ്തരുമാണ്.
കത്തെഴുതിയതിന്റെ പേരിൽ നടപടി വേണമെന്നു വർക്കിംഗ് കമ്മിറ്റിയിൽ അംബികാ സോണി ആവശ്യമുന്നയിച്ചതിലും നേതാക്കൾക്കു പ്രയാസമുണ്ട്.
കത്തിന്റെ തുടക്കം തരൂരിന്റെ വീട്ടിൽ
ന്യൂഡൽഹി: കോണ്ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ ഒപ്പിട്ട വിവാദ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വസതിയിൽ. ചുരുങ്ങിയത് അഞ്ചു മാസം മുന്പ് തരൂരിന്റെ വീട്ടിൽ നടത്തിയ വിരുന്നിനിടയിലാണ് കത്തിലേക്കു വഴിതെളിച്ച കാര്യങ്ങളുടെ പ്രാഥമികവും അനൗപചാരികവുമായ ചർച്ച നടന്നതെന്നു നേതാക്കൾ പറഞ്ഞു.
സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത് ഓഗസ്റ്റ് ഏഴിന് അയച്ച കത്തിനെച്ചൊല്ലി ഇന്നലെ പ്രവർത്തക സമിതിയിലും പാർട്ടിയിലാകെയും വലിയ വാഗ്വാദവും വിവാദവും ഉയരുന്നതിനിടെയാണ് തരൂരിന്റെ നിർണായ റോൾ പുറത്തുവരുന്നത്.
കത്തിന്റെ കരട് തയാറാക്കിയത് ആനന്ദ് ശർമയാണെങ്കിലും ഗുലാം നബി, കപിൽ സിബൽ, മനീഷ് തിവാരി, തരൂർ തുടങ്ങിയവരാണ് ഉള്ളടക്കം മുഖ്യമായി തീരുമാനിച്ചത്്.
എന്നാൽ തരൂരിന്റെ വസതിയിലെ വിരുന്നിൽ പങ്കെടുത്ത പല പ്രമുഖ നേതാക്കളെയും കത്തു തയാറാക്കുന്പോഴും പിന്നീട് ഒപ്പിടുന്നതിൽ നിന്നും ഒഴിവാക്കിയതും കൃത്യമായ ആസൂത്രണത്തിന്റെ തെളിവായി.
പി. ചിദംബരം, മകൻ കാർത്തി ചിദംബരം, സച്ചിൻ പൈലറ്റ്, അഭിഷേക് മനു സിംങ്വി, മണി ശങ്കർ അയ്യർ തുടങ്ങിയവരെയാണ് ഇങ്ങിനെ ഒഴിവാക്കിയത്.
അതേസമയം, കേരളത്തിലുള്ള പ്രഫ. പി.ജെ. കുര്യനെ കൂടി കത്തിൽ ഒപ്പു വയ്പിച്ചതും ശ്രദ്ധേയമായി. കുര്യനും തരൂരും ഒഴികെ എംപിമാർ അടക്കമുള്ള കേരള നേതാക്കളെയെല്ലാം ഒഴിവാക്കി.
എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നീ പ്രവർത്തക സമിതി അംഗങ്ങളോടും കത്തിനെക്കുറിച്ചു കൂടിയാലോച്ചിരുന്നില്ല. പി.സി. ചാക്കോ അടക്കമുള്ളവരെയും വിവാദ കത്തിലേക്കു ക്ഷണിച്ചില്ല.