പൂരപ്പറമ്പില്‍ താളം മുറുകുമ്പോള്‍ തോര്‍ത്തുമുണ്ട് വീശാന്‍,കടപ്പുറത്ത് കടലകൊറിച്ചിരുന്ന് വെയിലുതാഴുന്നതുകാണാന്‍ ഇതുപോലുള്ള എന്തെങ്കിലും ഈ ജന്മം നിങ്ങള്‍ക്കിനി സാധിക്കുമോ! മോഹന്‍ലാലിനോടുള്ള യുവാവിന്റെ ചോദ്യം സോഷ്യല്‍മീഡിയയില്‍ വൈറല്‍

മലയാള സിനിമയിലെ നടന വിസ്മയം, മോഹന്‍ലാലിനോടുള്ള ഏതാനും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അതില്‍കൂടുതല്‍. മോദിയുടെ നോട്ടുനിരോധനത്തെ പ്രശംസിച്ച്, മോഹന്‍ലാല്‍ ഇട്ട പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മോഹന്‍ലാലിനെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനോടുള്ള ഏതാനും ചോദ്യങ്ങളുമായി ഒരു യുവാവ് രംഗത്തെത്തിയത്. അതാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍പ്രചാരം നേടിയിരിക്കുന്നത്. ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പ്രിയപ്പെട്ട നടനവിസ്മയമേ,
നിങ്ങള്‍ ഒരു ബസ് സ്റ്റാന്റില്‍ രാത്രിബസ് കാത്തുനിന്നിട്ട് ഒരു മുപ്പതു കൊല്ലമായിട്ടുണ്ടാവില്ലേ? ദാഹിച്ചപ്പോള്‍ അടുത്തുകണ്ട കടയില്‍ കയറി ഒരുപ്പുസോഡ കുടിച്ചതിന്റെ വിദൂരമായ ഓര്‍മ്മയെങ്കിലും നിങ്ങള്‍ക്കുണ്ടാവുമോ? ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ തീവണ്ടിയാത്രക്കിടെ ഇരുണ്ടു പുലരുമ്പോള്‍ സ്റ്റീല്‍ വാഷ്ബെയ്സിന് മുമ്പില്‍ ടൂത്ത്ബ്രഷുമായി ഊഴം കാക്കാന്‍ ഈ ജന്മം അങ്ങേയ്ക്കിനി ആവുമോ? പൂരപ്പറമ്പില്‍ താളം മുറുകുമ്പോള്‍ തോര്‍ത്തുമുണ്ട് വീശാന്‍, ഞായറാഴ്ച രാവിലെ ചന്തയില്‍ പോയി നല്ല മീന്‍ നോക്കി വാങ്ങാന്‍, ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ പോയി പേരറിയാത്ത ആര്‍ക്കെങ്കിലും ചോര കൊടുക്കാന്‍,

കടപ്പുറത്ത് കടലകൊറിച്ചിരുന്ന് വെയിലുതാഴുന്നതുകാണാന്‍, അയലത്തെ കല്യാണവീട്ടില്‍ രാത്രി കൂട്ടം കൂടി ഉത്സാഹിച്ചു തേങ്ങ തിരുമ്മാന്‍, നാട്ടിലെ ക്ലബ്ബിന്റെയോ സംഘടനയുടേയോ ബക്കറ്റുമായി ഒരു ജീവന്‍ രക്ഷിക്കാനുള്ള ചികിത്സാ ചെലവിന് പിരിവിനിറങ്ങാന്‍, ഹര്‍ത്താലിന്റെ തലേന്നാള്‍ പമ്പില്‍ പോയി പെട്രോള്‍ നിറയ്ക്കാന്‍, തിരക്കുള്ള ബസില്‍ ദുര്‍ബലന് സീറ്റൊഴിഞ്ഞുകൊടുക്കാന്‍, അടുത്ത മാസം ചിട്ടിക്കുറി അടിക്കുമോ എന്ന് ടെന്‍ഷനടിക്കാന്‍, ചേറ്റുകണ്ടത്തില്‍ മഴനനഞ്ഞു ഫുട്ബോള്‍ കളിക്കാന്‍, കളക്ടറേറ്റ് മാര്‍ച്ചിനിടെ ജലപീരങ്കി മുക്കിക്കൊല്ലാന്‍ നോക്കുമ്പോള്‍ കടല്‍ക്കെട്ടുപോലെ കൈകൊരുത്തു പിടിക്കാന്‍… ഒന്നും നിങ്ങള്‍ക്കാവില്ലല്ലോ..

ഇതൊന്നും വലിയ കാര്യമാണെന്നല്ല. ജീവിതം ഇങ്ങനെയൊക്കെയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അങ്ങനെ ഒരു മുന്‍നിശ്ചയിച്ച സിലബസിനും ജീവിതം വഴങ്ങിത്തരുകയുമില്ല. പക്ഷേ ഇത്തരം കുഞ്ഞുകുഞ്ഞ് നൂറായിരം ജീവിതപരിസരങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് പൗരന്റെ സാമൂഹ്യബോധം പാകപ്പെടുന്നത്. കുറ്റപ്പെടുത്തലല്ല, ഈ പറഞ്ഞതൊക്കെ അത്രമേല്‍ സ്വാഭാവികമായി അങ്ങയുടെ അഭിനയശരീരത്തിന് വഴങ്ങും. അതിനോട് പരിധികളില്ലാത്ത ബഹുമാനവുമുണ്ട്. മണ്ണില്‍ ചവിട്ടിനിന്ന് ജീവിതം കാണാന്‍ നിങ്ങള്‍ക്കും മോഹമുണ്ടാവണം. പക്ഷേ അതിപ്രശസ്തിയുടെ ബാധ്യതയും ആരാധക വെട്ടുകിളിക്കൂട്ടവും നിങ്ങളുടെ സാമൂഹ്യജീവിതത്തിന്റെ എല്ലാ തുറസ്സുകളിലേക്കുമുള്ള വഴിയടച്ചുകെട്ടിപ്പോയി. നിങ്ങളുടെ തെറ്റല്ല, ചെയ്യുന്ന ജോലിയും അതിനോടുചേര്‍ന്ന് വന്നുപെട്ട ജീവിതശൈലിയും സാഹചര്യവും സമൂഹവുമായുള്ള എല്ലാ സചേതന ബന്ധവും നിങ്ങള്‍ക്ക് നിഷേധിച്ചു.

സമ്പത്തിന്റേയും പ്രശസ്തിയുടേയും ഗ്ലാമറിന്റേയും അവയുടെ ധാരാളിത്തം ചെടിപ്പിച്ചപ്പോള്‍ ഉണ്ടായ വ്യാജ അസ്തിത്വപ്രതിസന്ധികളുടേയും വേറേതോ ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന ഒരു പാവം സരോജ് കുമാറാണ് നിങ്ങള്‍. നിങ്ങള്‍ക്ക് പരിചയമുള്ള ആ ഇന്ത്യയിലല്ല ഈ രാജ്യത്തിന്റെ സാമാന്യജീവിതം. തുടര്‍ച്ചയായി കളവുപറഞ്ഞ് സമ്മതങ്ങള്‍ നിര്‍മ്മിക്കുകയും എതിര്‍ സ്വരങ്ങളെ ഉന്‍മൂലനംചെയ്യുകയും അച്ചടക്കമുള്ള അടിമകളെ അടക്കി ഭരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ദേശീയതക്കുവേണ്ടിയാണ് നിങ്ങള്‍ പക്ഷം പിടിക്കുന്നത്.

ദേശീയതയെ വര്‍ഗ്ഗീയതയുമായും വംശീയതയുമായും ബന്ധിപ്പിക്കുന്ന പകിടകളിക്കാരെക്കുറിച്ച് എഴുതാന്‍ നിങ്ങളെന്തേ ഇന്നുവരെ പേന തുറന്നില്ല? പഠിക്കാന്‍ വിട്ട ദളിത് മക്കളെ തുണിയില്‍ പൊതിഞ്ഞ് മാതാപിതാക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ദേശസ്നേഹികളുടെ പത്രവാര്‍ത്തകളില്‍ എന്തേ അങ്ങയുടെ കണ്ണുടക്കാറില്ല? മുസ്ലീം പേരുള്ളത് ജാമ്യമില്ലാതെ ജയിലില്‍ പോകാന്‍ യോഗ്യതയായ ജനാധിപത്യക്രമം രാജ്യത്തെ വിഴുങ്ങുന്നത് രാജ്യസ്നേഹിയായ അങ്ങയെ വേദനിപ്പിക്കാത്തതെന്തേ?

സൈന്യം ബലാത്സംഗം ചെയ്തുകൊന്നവരെ എന്തേ ഇന്ത്യയുടെ മക്കളായി തോന്നിയില്ല? തീവ്രവാദക്കുറ്റം ചുമത്തി സഞ്ജയ് ദത്തിനെ ടാഡ കോടതി ശിക്ഷിച്ച കാലത്ത് നടനും ഭടനുമായ അങ്ങ് ദുഃഖിച്ചത് മുംബൈ സ്ഫോടനക്കേസില്‍ മരിച്ചവര്‍ക്കുവേണ്ടി ആയിരുന്നില്ല, കുറ്റാരോപിതനായ ചങ്ങാതിക്കുവേണ്ടി ആയിരുന്നല്ലോ.. സെലക്ടീവായ, ഈ സീസണല്‍ ദേശീയവികാരത്തിന് താങ്കളുടെ മാനദണ്ഡം എന്താണ്? തിരശ്ശീലയില്‍ നിങ്ങള്‍ അനുഗൃഹീതനായ നടനാണ്. പക്ഷേ വേദനയോടെ പറയട്ടെ, ജീവിതത്തിലെ നിങ്ങളുടെ നാട്യം അപഹാസ്യമാണ്. വെടിക്കോപ്പുകള്‍ ഹിമശിഖരങ്ങള്‍ കയറിവരുന്ന സിനിമാറ്റിക് രാജ്യസ്നേഹമേ നിങ്ങള്‍ക്ക് മനസ്സിലാവൂ. കാരണം ഇവിടെനിന്ന് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമാണ് നിങ്ങളുടെ നക്ഷത്രജീവിതം.

 

Related posts