സമ്മാനവുമായി സാന്താക്ലോസ് ക്രിസ്മസിന് എത്തുന്നതും കാത്തിരിക്കുകയാണ് കുട്ടികൾ. സാന്തോക്ലോസായി കുട്ടികൾക്ക് മിക്കവാറും മാതാപിതാക്കളാണ് സമ്മാനം നൽകുന്നത്.
ചിലപ്പോൾ സാമ്പത്തിക പ്രതിസന്ധി കാരണം മാതാപിതാക്കൾക്ക് ഇത്തരത്തിൽ സമ്മാനം നൽകാൻ കഴിയാതെ വരാറുണ്ട്. എന്നാൽ സാന്താക്ലോസിന് ഒരു കുട്ടി എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പത്ത് വയസുകാരിയായ ലില്ലിയാണ് കത്ത് എഴുതിയത്. ലണ്ടനിലെ കെൻസിംഗ്ടൺ ആസ്ഥാനമായുള്ള ചാരിറ്റി ട്രസ്റ്റായ ബിഗ് ഹെൽപ്പ് പ്രൊജക്റ്റാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
‘ഡിയർ സാന്താ’ എന്ന പേരിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ കാണിക്കുന്നതിനും അവർക്ക് സഹായമെത്തിക്കുന്നതിനും ലക്ഷ്യമിട്ട് ഒരു കാമ്പെയ്ൻ ട്രസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ലില്ലിയുടെ ഹൃദയം തൊടുന്ന കത്ത് ഫേസ്ബുക്കിൽ പങ്കുവച്ചത്.
“ഹായ് സാന്താ, താങ്കൾക്ക് അസുഖമാണെന്നും അതുകൊണ്ട് ഈ വർഷം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ കഴിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. താങ്കൾ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് എന്റെ കുഞ്ഞു സഹോദരനെ ശരിക്കും സന്തോഷിപ്പിക്കുമെന്നും ഞാൻ കരുതുന്നു! ലവ് ലില്ലി (വയസ്സ് 10). പി.എസ്. ഈ വർഷം ഞങ്ങൾ വളരെ നന്നായിരിക്കുന്നു”. എന്നാണ് കത്തിൽ ലില്ലി എഴുതിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ‘കം ടുഗെദർ ക്രിസ്മസ്’ എന്ന ചാരിറ്റി സംഘടനയും കത്ത് പങ്കുവച്ചു. ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കണമെന്നും സംഘടനകൾ അഭ്യർഥിക്കുന്നുണ്ട്. ലില്ലിയുടെ കത്തിന് നിരവധിപേരാണ് കമന്റുമായെത്തിയത്.