പൊതുവേ ഒരു പറച്ചിലുണ്ട്, ഒരു നാട്ടിലെ ജനങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞ് അവിടെ നിന്ന് ജയിക്കുന്ന എംഎല്‍എയോ എംപിയെയോ കാണണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പാകണമെന്ന്. ഓഫി ചുഴലിക്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ട് വലഞ്ഞ തീരദേശത്തെ ജനങ്ങളുടെയടുത്തേയ്ക്ക് നടനും കൂടിയായ അവിടുത്തെ എംഎല്‍എ മുകേഷ് എത്തിയപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ കേരളം മുഴുവന്‍ പാട്ടായതാണ്. തമാശയുമായി ജനങ്ങളുടെയടുത്തേയ്ക്ക് എത്തിയ മുകേഷിനെ ശകാരവര്‍ഷത്തോടെയാണ് അവിടുത്തെ ജനങ്ങള്‍ സ്വീകരിക്കുകയുണ്ടായത്. ഇപ്പോഴിതാ ഒരു എംപിയ്ക്കെതിരെ പരിഹാസവുമായി ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നു.
വടകരയില്‍നിന്ന് യുഡിഎഫ് പാനലില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന് എംപിയ്ക്കെതിരെയാണത്. വടകര ലോക്സഭാ മണ്ഡലത്തിലെ തീരദേശങ്ങളില്‍ കടല്‍ക്ഷോഭമുണ്ടായിട്ടും ജനങ്ങള്‍ക്ക് ദുരിതമുണ്ടായിട്ടും എംപി അവിടേയ്ക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് അവിടുത്തുകാരുടെ പരാതി. ജില്ലയിലെ പയ്യോളി,കൊയിലാണ്ടി,വടകര ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. തങ്ങളുടെ എംപിയെ തേടി സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച #WhereisMullappally എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് നേടിയിരിക്കുന്നത്.
തീരദേശം ഓഖിയുടെ ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ മുല്ലപ്പള്ള ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിന്റെ തിരക്കിലായിരുന്നു. മണ്ഡലത്തിലെ വോട്ടര്‍ വിനോ ബാസ്റ്റ്യന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു…
സ്നേഹം നിറഞ്ഞ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ ഒരു വോട്ടര്‍ എഴുതുന്ന കത്ത്.
2014ല്‍ പതിനാറാം ലോക്സഭാ ഇലക്ഷനില്‍ താങ്കള്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ മല്‍സരിക്കുകയും താങ്കള്‍ക്ക് 416479 വോട്ടുകള്‍ ലഭിക്കുകയും, താങ്കളുടെ എതിരാളിയായി മല്‍സരിച്ച സിപിഐഎം സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് എ.എന്‍ ഷംസീര്‍ 413173 വോട്ടുകള്‍ നേടുകയും, താങ്കള്‍ 3306 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തിരുന്നു. താങ്കള്‍ വിജയിച്ച ശേഷം താങ്കള്‍ക്ക് മണ്ഡലത്തിന്റെ പലഭാഗത്തും കോണ്ഗ്രസ്സുകാര് സ്വീകരണം നല്കുകയുണ്ടായി.
2014 ന് മുമ്പ് പതിനഞ്ചാം ലോക്സഭയില്‍ താങ്കള്‍ വടകരയില്‍ എംപിയും കേന്ദ്രത്തില്‍ സഹമന്ത്രിയും ആയിരുന്നു. അന്തക്കാലത്ത് പെരുവണ്ണാമൂഴിയില്‍ താങ്കള്‍ സി ആര് പി എഫ് കേന്ദ്രത്തിന് തറക്കല്ലിടുകയും മണ്ഡലത്തിലെ പല സി ആര് പി എഫ് ജവാന്മാരുടെ കുടുംബക്കാരും താങ്കളെ വന്നുകാണുകയും പെരുവണ്ണാമൂഴിക്ക് ട്രാന്‍സ്ഫറിനായി സഹായിക്കാം എന്നുപറഞ്ഞ് അവരെ ആശ്വസിപ്പിച്ച് മടക്കി അയക്കുകയും ചെയ്തിരുന്നു. ആ തറക്കല്ലിടല്‍ യോഗത്തില്‍ താങ്കള്‍ പെരുവണ്ണാമൂഴിക്ക് സമഗ്ര ടൂറിസം പദ്ധതിയും, പെരുവണ്ണാമൂഴിയില്‍ തന്നെ കേന്ദ്ര യൂണിവേഴ്സിറ്റിയും, വയനാട് ബദല്റോഡും പ്രഖ്യാപിച്ചിരുന്നു.
ഞാനീ കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍, സി ആര് പി എഫ് കേന്ദ്രവും, കേന്ദ്ര യൂണിവേഴ്സിറ്റിയും, പെരുവണ്ണാമൂഴി സമഗ്ര ടൂറിസം പ്രൊജക്ടും, വയനാട് ബദല്‍ റോഡും നാട്ടില്‍ കാണാനില്ല. നാട്ടില്‍ പലരോടും അന്വേഷിച്ചപ്പോള്‍ താങ്കളേയും കാണാനില്ല എന്ന മറുപടിയാണ് കിട്ടിയത്. ഇപ്പോള്‍ കേരളത്തിന്റെ പലഭാഗത്തും ഓഖി ചുഴലിക്കാറ്റ് അടിച്ച കൂട്ടത്തില്‍ വടകരയുടെ പലഭാഗത്തുകൂടിയും ഓഖി കടന്നുപോയി. താങ്കളുടെ വീടിന്റെ മുറ്റത്ത് കുറച്ച് വാഴകള്‍ ഒടിഞ്ഞുവീണ് കിടക്കുന്നുണ്ട്. അങ്ങ് ജീവിച്ചിരിപ്പുണ്ട് എങ്കില്‍, ആരാടേലും പറഞ്ഞ് താങ്കളുടെ വീടിന്റെ മുറ്റത്ത് ഒടിഞ്ഞുവീണു കിടക്കുന്ന വാഴയെങ്കിലും വെട്ടിമാറ്റി മുറ്റവും ഒന്ന് അടിച്ചുവാരിക്കണം.
2016 മെയ് മാസം കേരളത്തില്‍ സംസ്ഥാന ഇലക്ഷന് നടക്കുകയും, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന് സഖാവിനെ എംഎല്‍എ ആയി വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയും, അദ്ദേഹത്തെ മന്ത്രിയാക്കി എല്‍ഡിഎഫ് മന്ത്രിസഭ അധികാമേല്ക്കുകയും ചയ്തിരുന്നു. ടി.പി പേരാമ്പ്രയിലെ മാത്രമല്ല, വടകരയിലെയും, കോഴിക്കോട് ജില്ലയുടേയും കാര്യങ്ങള്‍ വളരെ ഭംഗിയായി നോക്കുന്നുണ്ട്. സംസ്ഥാന മന്ത്രിയെന്ന നിലയിലും നല്ല രീതിയില്‍ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. താങ്കളെ നാട്ടില്‍ കാണാത്ത കുറവ് അതുകൊണ്ട് തന്നെ ആരും അറിയുന്നില്ല.
ഈ കത്ത് എഴുതുന്നത്, താങ്കള്‍ നാട്ടിലേക്കുള്ള വഴി മറന്നുപോയതാണ് എങ്കില്‍, കോഴിക്കോട് എയര്പോട്ടിലോ, കോഴിക്കോട്, വടകര റെയില്‍വേസ്റ്റേഷനിലോ ഇറങ്ങിയാല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തിലും, വില്യാപ്പള്ളിയിലുള്ള താങ്കളുടെ വീട്ടിലും എത്തിപ്പെടാനാകും. അഥവാ താങ്കളെ കാണാതായതാണ് എങ്കില്‍ കണ്ടുകിട്ടുന്ന ആരേലും അദ്ദേഹത്തെ അദ്ദേഹത്തിന്റെ വീട്ടിലെങ്കിലും എത്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അഥവാ അങ്ങ് ജീവിച്ചിരിക്കുന്നില്ല എങ്കില്‍ അങ്ങയുടെ ഇല്ലാത്ത ആത്മാവിന് ആത്മശാന്തി നേരുന്നു.
എന്ന്, വിനോ ബാസ്റ്റ്യന്‍
ഒപ്പ് വിത്ത് കുത്ത്.