തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിൽ കേസെടുത്ത് അനേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അനേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ക്രൈം ബ്രാഞ്ച് മേധാവി ഷേക്ക് ദർബേഷ് സാഹിബിന്റെ ശിപാർശയുടെയും അടിസ്ഥാനത്തിലാണ് ഡിജിപി യുടെ ഉത്തരവ്.
ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റാകും അന്വേഷിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. താൽക്കാലിക ഒഴിവുകളി ലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യരാജേന്ദ്രന്റെ പേരിൽ പ്രചരിച്ച കത്തിന്റെ ഒറിജിനൽ കണ്ടെടുക്കാൻ പ്രാഥമിക അനേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന് സാധിച്ചിരുന്നില്ല.
ഇതേ തുടർന്നാണ് കേസെടുത്തു അനേഷണം നടത്തിയാൽ മാത്രമേ നിജ സ്ഥിതി പുറത്ത് വരികയുള്ളുവെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.
വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാകും ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്. അതേ സമയം മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരവും പ്രതിഷേധവും തുടരുകയാണ്.
ഇന്ന് നഗരസഭ യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിലും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടിവന്നിരുന്നു.