എം.സുരേഷ്ബാബു
തിരുവനന്തപുരം: വിമർശകരുടെ വായടപ്പിച്ച് ശശി തരൂർ എംപി. യുഡിഎഫിന്റെ സമരപ്പന്തലിലും. കത്ത് വിവാദത്തിൽ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് അഭിവാദ്യം അർപ്പിച്ചാണ് തരൂർ ഇന്ന് എത്തുന്നത്.
സംസ്ഥാന സർക്കാരിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടും സമരരംഗത്ത് എത്താതിരുന്ന ശശിതരൂർ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തുന്നതിനായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നത് ഏറെ വിവാദമായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം പരോക്ഷമായി വാർത്താസമ്മേളനങ്ങളിൽ സൂചിപ്പിച്ചിരുന്നു. കോർപ്പറേഷനിൽ പ്രതിപക്ഷം സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയായെങ്കിലും ഇതുവരേയും ശശി തരൂർ പങ്കെടുത്തില്ല എന്ന വിമർശനം ഉയർന്നിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങളിലൊന്നും ഇതുവരെ ശശി തരൂരിനെ കണ്ടിട്ടില്ല എന്ന ആക്ഷേപങ്ങൾക്കു കൂടിയുള്ള മറുപടിയായാണ് സമരരംഗത്തും ശശി തരൂർ സജീവമാകുന്നത്.
കോർപ്പറേഷനിലെ കത്ത് വിവാദം ഉൾപ്പെടെ സർക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെ യുഡിഎഫ് നടത്തിവന്നിരുന്ന സമരങ്ങൾ ശശിതരൂർ വിവാദത്തോടെ മുങ്ങിപ്പോയിരുന്നു.
ഇത് പാർട്ടിയിൽ ഏറെ ചർച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലർമാരും ഡിസിസിയും നടത്തുന്ന സമരത്തിന് പിന്തുണയുമായി തരൂർ രംഗപ്രവേശം ചെയ്തത്.
യുഡിഎഫിന്റെ സമരത്തിനെതിരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നിരുന്നു.മലബാർ പര്യടനം പൂർത്തിയാക്കി കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തരൂരിന്റെ നീക്കങ്ങൾക്ക് പാർട്ടിയിലെ മുതിർന്ന പ്രമുഖ നേതാക്കളുടെയും പിന്തുണ രഹസ്യമായി തരൂരിന് ലഭിച്ചിട്ടുണ്ട്.
ഈ ആത്മവിശ്വാസവുമായി തരൂർ മുഖ്യ നേതൃനിരയിലേക്ക് കടന്ന് വരാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.പല കാര്യങ്ങളിലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ള തരൂർ സംസ്ഥാനത്തെ ക്രമസമാധാന രംഗത്ത് ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മൗനം പാലിച്ചത് കോണ്‍ഗ്രസിനുള്ളിൽ ശക്തമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ശശി തരൂർ മുന്‍പ് പിണറായിയേയും മോദിയേയും അദാനിയേയും പ്രശംസിച്ചതും എതിർപക്ഷം ഉയർത്തിക്കൊണ്ടു വന്നിരുന്നു.ശശിതരൂരിന്റെ ഇപ്പോഴുള്ള നീക്കങ്ങൾ എ ഗ്രൂപ്പിന്റെ മൗനാനുവാദത്തോടെയാണെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.
മലപ്പുറം ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ തരൂർ പര്യടനം നടത്തിയപ്പോൾ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. എ ഗ്രൂപ്പിന്റെ തട്ടകം എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം ജില്ലയിൽ യൂത്ത് കോണ്‍ഗ്രസിന്റെ പ്രത്യേക പരിപാടിയിലും ശശിതരൂരാണ് മുഖ്യാതിഥി.
ഇതെല്ലാം സൂചിപ്പിക്കുന്നത് എ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണ തരൂരിനുണ്ടെ ന്നാണ്. തരൂരിന്റെ ഇപ്പോഴുള്ള നീക്കങ്ങൾ ഐ ഗ്രൂപ്പിനുള്ളിലും ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്.
കെ. മുരളീധരൻ തരൂരിനെ അനുകൂലിക്കുന്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരോക്ഷമായി തരൂരിനെ വിമർശിച്ച് കഴിഞ്ഞു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല.
മലബാര്‍ പര്യടനത്തിലെ വിവാദം എന്തിനാണെന്ന് അറിയില്ലെന്നും ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍ മാറി നില്‍ക്കില്ലെന്നു കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞിരുന്നു.