ഒരുകാലത്ത് കത്തുകള്‍ സ്നേഹത്തിന്റെ കരുതലിന്റെ പ്രണയത്തിന്റെ ദുഃഖത്തിന്റെ ആകാംഷയുടെ പ്രതീക്ഷയുടെയൊക്കെ പ്രതീകമായിരുന്നു.
ഒരോ കത്തിനും മറുപടി കിട്ടാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടിവരും. കാലംമാറി ഇന്ന് പുതിയ സങ്കേതികവിദ്യകള്‍ വന്നു കത്തുകള്‍ അയക്കുന്ന സംസ്കാരം തന്നെ അപ്രത്യക്ഷമായി.
ലോകത്തിന്റെ ഒരു കോണില്‍ നില്ക്കുന്ന ആളെ മറുകോണില്‍ നില്ക്കുന്ന ആള്‍ക്ക് കണ്ടുകൊണ്ട് സംസാരിക്കാവുന്ന സാങ്കേതികവിദ്യയില്‍ എത്തി നാം.
പുതിയ തലമുറയ്ക്ക് സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ വരുന്ന ഒരു സ്ഥാപനമായി പോസ്റ്റോഫീസ് മാറി.
കാര്യങ്ങള്‍ ഇങ്ങനയൊക്കെയാണെങ്കിലും കത്ത് സംസ്കാരത്തെ ഇപ്പോഴും മനസോട് ചേര്‍ത്തുപിടിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് മലപ്പുറത്ത്.
43 രാജ്യങ്ങളിലുള്ള ആളുകളുമായിയാണ് ഈ പതിനെട്ടുകാരി കത്തുകളുലൂടെ സൗഹൃദം സൂക്ഷിക്കുന്നത്.
സൗഹൃദതാപ്പുകളായ വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും കൊടികുത്തിവാഴുന്ന ഈ കാലത്ത് കത്തുകള്‍ എഴുതുന്ന പെണ്‍കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ മുഖംചുളിക്കുന്നവര്കാണും.
എന്നാല്‍ റസ്ബിന് അബ്ബാസിന് കൈവിട്ടുപോയ തന്റെ ജീവിതം തിരികെ തന്ന നിധിയാണ് കത്തുകള്‍.
ജീവിതം തകിടംമറിഞ്ഞ ദിനം
പരീക്ഷക്ക് ഫുള്‍മാര്‍ക്ക് നേടിയതിന്റെ അഭിനന്ദനങ്ങള്‍ എല്ലാം ടീച്ചര്‍മാരില്‍നിന്ന് ഏറ്റുവാങ്ങി ആഹ്ളാദത്തോടെ ഇത് പറയുവാന്‍ വീട്ടിലേയ്ക്ക് ഓടി വന്ന റസ്ബിന് കണ്ടത് ബാഗുകളുമായി എവിടെയ്ക്കോ പോകുവാന്‍ ഇരിക്കുന്ന ഉമ്മയെയാണ്.
എങ്ങോട്ടാണ് നമ്മള് പോകുന്നതെന്ന് പലവട്ടം ചോദിച്ചെങ്കിലും മൗനമായിരുന്നു ഉത്തരം. ഉമ്മയുടെ കൈവിരലില്‍ തൂങ്ങി പാടവരമ്പത്തൂടെ ഉമ്മയുടെ തറവാട്ട് വീട്ടിലേക്ക് നടന്നുനീങ്ങിയപ്പോള്‍ സാധാരണ പോലെ വിരുന്നുപോകുകയാണെന്നാണ് കരുതിയിരുന്നത്.
വാപ്പയും ഉമ്മയും വേര്‍പിരിഞ്ഞെന്ന സത്യം മനസിലാകുവാന്‍ ആ എട്ടുവയസുകാരിക്ക് പിന്നീട് ഒരുപാട് ദിനങ്ങള്‍ വേണ്ടിവന്നു.
വേര്‍പിരിഞ്ഞതിന്റെ കാരണം തിരക്കിനടന്നവരുടെ മുന്നിലെ ഇരയായിരുന്നു റസ്ബിന്. ബന്ധുക്കളുടെയിടയിലും നാട്ടിലും സ്കൂളിലും അന്വേഷികളുടെ എണ്ണം കൂടിവന്നു.
കുത്തുവാക്കുകളും പരിഹാസവും ഒറ്റപ്പെടത്തലുകളും പിഞ്ചുഹൃദയത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഭയം അവളെ വേട്ടയാടി. ഏകാന്തത അവളെ പിടികൂടി. വിഷാദത്തിന്റെ ആഴങ്ങളിലേയ്ക്ക് അവള് ഊളിയിട്ടു.
മിടുക്കിയായിരുന്ന റസ്ബിന് പതിയെ പഠനത്തില്‍ പിറകോട്ടുപോയി. ആരോടും മിണ്ടാതെയായി. തന്റെ മുറി മാത്രമായി ലോകം. നാലുവര്‍ഷം ആ മുറിക്കുള്ളില്‍ മാത്രമായി ജീവിതം.
തിരിച്ചുവരവിന്റെ നാളുകള്‍
കൂട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണയും ഡോക്ടര്‍മാരുടെ പരിചരണവും പതിയെ അവളെ പുതിയ ജീവിതത്തിലേക്ക് നയിച്ചു.
സഹപാഠിയുടെ ബുക്കിന്റെ പിറംചട്ടയില് കണ്ട ഡുഡില്‍ എന്ന ചിത്രരചനരീതിയാണ് ജീവിതത്തെ തന്നെ മാറ്റിമറിച്ചത്.
ഗൂഗിളില്‍ നോക്കി ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. പിന്നീട് ഡുഡില്‍ വരച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
അധികം ഫോളേവേഴ്സ് ഇല്ലാതിരുന്ന റസ്ബിന്റെ അക്കൗണ്ടില്‍ ഒരു ദിവസം ഒരു സന്ദേശം എത്തി. നിങ്ങളുടെ വരകള്‍ ഇഷ്ടപ്പെട്ടു.
വിലാസം തന്നാല്‍ ഒരു ഗിഫ്റ്റ് അയക്കാം എന്നായിരുന്നു അത്. ഡുഡില്‍ വരകള്‍ കൊണ്ട് ലക്ഷകണക്കിന് ഫോളോവേഴ്സ് ഉള്ള മെക്സിക്കോയിലെ സാറ എന്ന യുവതിയുടെ സന്ദേശമായിരുന്നു ഇത്.
ഇങ്ങനെയായിരുന്നു കത്തുകളുടെ തുടക്കം. ഇത്തരത്തില്‍ അഭിനന്ദനവും കുശലവുമായി നവമാധ്യങ്ങളില്‍ വന്ന പലര്‍ക്കും മേല്‍വിലാസം കൈമാറി പരസ്പരം കത്തിലൂടെ സൗഹൃദങ്ങള്‍ തുടങ്ങി.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. റസ്ബിന്റെ വിലാസത്തില്‍ പലരാജ്യങ്ങളില്‍ നിന്ന് കത്തുകള്‍ വരുന്നത് പലരുടെയും ഉറക്കംകെടുത്തി.
അവര്‍ പലഅപവാദങ്ങളും പറഞ്ഞുപരത്തി. കത്തുകള്‍ എഴുതുന്നതിന് വീട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഉമ്മയുടെ മൗനസമ്മതമായിരുന്നു റസ്ബിന്റെ മുന്നോട്ട് കത്തുകള്‍ എഴുതാനുണ്ടായ പ്രചോദനം.
റസ്ബിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അതിക്ഷേപിച്ചവരും മേല്‍വിലാസമില്ലെന്ന് പറഞ്ഞ് കളിയാക്കിയവരും റസ്ബിന്റെ നാട്ടുകാരാണ് തങ്ങളെന്ന് പറഞ്ഞ് അഭിമാനംകൊണ്ടു.
അതിര്‍ത്തി കടന്ന സൗഹൃദങ്ങള്‍
കത്തുകളില്‍ നാടിനെ പറ്റിയും ഇവിടുത്തെ കൃഷിരീതികളും ഉത്സവങ്ങളും നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുമാണ് പറയുക.
കൂടെ വ്യക്തിപരമായ വിശേഷങ്ങളും എഴുതും. അവര്‍ തിരിച്ചും അങ്ങനെയാണ് കത്ത് അയക്കുക.
ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യര്‍, അവരവരുടെ കൈപ്പടയില്‍ തയ്യാറാക്കിയ കത്തുകള്‍ അരികിലെത്തുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്.
എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അത് മനസിലാകില്ല. അവര്‍ വാട്സ്ആപ്പില്‍ മെസേജ് അയച്ച് നിമിഷങ്ങള്‍ക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ വേവലാതിപ്പെടുന്നവരാണ്.
ഞാന്‍ മറുപടിക്കത്തിനായി കാത്തിരിക്കുന്നത് മാസങ്ങളാണെന്ന് റസ്ബിന് പറയുന്നു. കത്തുകള്‍ക്കൊപ്പം സമ്മാനങ്ങളും അയക്കാറുണ്ട്.
നാരങ്ങമിഠായി, പുസ്തകത്തിന്റെ നടുപ്പേജില്വച്ച് ഉണക്കിയെടുത്ത പ്ലാവില, കൊന്നപൂക്കള്‍, നെല്ക്കതിര് തുടങ്ങിയ കൊച്ചു കൊച്ചു സമ്മാനങ്ങളും കത്തുകള്‍ക്കൊപ്പം അതിര്‍ത്തി കടക്കും.
തിരിച്ചും ഇത്തരത്തിലുള്ള സമ്മാനങ്ങളും എത്തും. മെക്സിക്കോയിലെ സാറയില്‍ നിന്ന് തുടങ്ങിയ റസ്ബിന്റെ സൗഹൃദം ഇന്ന് 43 രാജ്യങ്ങളിലെ അനേകരില്‍ എത്തി നില്ക്കുന്നു.
ഒരിക്കലും ആട്ടിയിറക്കാത്ത അവഗണിക്കാത്ത പുച്ഛിക്കാത്ത സ്നേഹബന്ധങ്ങളാണ് ഇവ.
വിവാഹമോചിതരുടെ കുട്ടികളോട് സമൂഹം ചെയ്യുന്നത് കടുത്ത ക്രൂരത ആണ്. വിവാഹമോചനത്തിൽ എപ്പോഴും കുട്ടികളാണ് ഇരകളാകപ്പെടുന്നത്.
സമൂഹം മാതാപിതാക്കളെക്കുറിച്ച് കുത്തി കുത്തി ചോദിക്കുന്ന ഓരോ ചോദ്യവും അവരുടെ കുറെ നല്ല നാളുകളോ മാസങ്ങളോ വർഷങ്ങളോ ചിലപ്പോൾ ജീവിതം തന്നെ ഇല്ലാതാക്കുന്നു.
ബാല്യത്തെയും കൗമാരത്തെയും എന്തിന് ഏറെ പറയണം സ്വഭാവ രൂപീകരണത്തെ പോലും ഇത് ബാധിക്കും.
അതുകൊണ്ട് ഇത്തരം കുട്ടികളോട് ദയാപരമായി പെരുമാറുക. അവരെ ഒരു ഇരയായി കണ്ടു മാനസികവും ശാരീരികവുമായി പീഡിപ്പിക്കരുതെന്നാണ് ചൈൽഡ് ആക്ടിവിസ്റ്റ് കൂടിയായ റസ്ബിൻ പറയുന്നത്.
മലപ്പുറം ജില്ലയിലെ അരീക്കോട് വടക്കുംമുറിയിലാണ് റസ്ബിൻ താമസിക്കുന്നത്.
അരുണ്‍ ടോം