പീരുമേട്: കൂടെപ്പിറപ്പിന്റെ പിണക്കം മാറ്റാൻ 12 മണിക്കൂർ നീണ്ട മാരത്തണ് കത്തെഴുതി ലോക റിക്കാർഡിട്ട് കൃഷ്ണപ്രിയ താരമായി.
434 മീറ്റർ നീളമുള്ള അഞ്ചു കിലോ ഭാരമുള്ള കൂറ്റൻ കത്തയച്ചാണ് കൂടെപ്പിറപ്പ് കൃഷ്ണപ്രസാദിന്റെ പരിഭവം മാറ്റിയെടുത്തത്.
ഏഴു വയസിന്റെ വ്യത്യാസമുണ്ട് ഇരുവർക്കും. ജനനം മുതൽ ഇതുവരെയുള്ള സംഭവങ്ങൾ ഓർമിച്ചെടുത്താണ് കത്ത് തയാറാക്കി അയച്ചത്.
ചെറുപ്പം മുതൽ ഡിഗ്രി പഠന കാലം വരെ ഡയറി എഴുതുമായിരുന്ന കൃഷ്ണപ്രിയയ്ക്ക് കത്തെഴുതുന്നതിന് ഇതും പ്രചോദനമായി.
എല്ലാ വർഷവും അന്താരാഷ്ട്ര സഹോദരദിനത്തിൽ കൂടെപ്പിറപ്പിന് കത്തുകളിലൂടെ ആശംസ നേരുന്ന പതിവ് കൃഷ്ണപ്രിയക്ക് ഉണ്ടായിരുന്നു.
പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ എൻജിനിയറായ കൃഷ്ണപ്രിയയ്ക്ക് ഇത്തവണ ഒൗദ്യോഗിക ജോലിത്തിരക്കുമൂലം ആശംസകൾ അറിയിക്കാൻ സാധിച്ചില്ല.
സഹോദരൻ പിണങ്ങി ഫോണ് എടുക്കാതെ വന്നതോടെയാണ് എന്തുകൊണ്ട് താൻ ആശംസ നേർന്നില്ല എന്നുള്ള വിശദ വിവരങ്ങൾ കാണിച്ച് കത്ത് അയയ്ക്കാൻ തീരുമാനിച്ചത്.
കത്ത് എഴുതാൻ തുടങ്ങിയപ്പോൾ ഒന്നും രണ്ടും പേപ്പറിൽ നിൽക്കില്ല എന്ന് മനസിലാക്കിയാണ് പതിനഞ്ച് റോൾ കടലാസു വാങ്ങി 12 മണിക്കൂർ കൊണ്ട് 434 മീറ്റർ നീളമുള്ള കത്ത് തയാറാക്കിയത്.
സഹോദരി – സഹോദര ബന്ധം ഉൗഷ്മളമാക്കാൻ ബാല്യ-കൗമാര സംഭവങ്ങൾ കോർത്തിണക്കിയാണ് കത്ത് തയാറാക്കിയത്.
അഞ്ചു കിലോ തൂക്കം വരുന്ന കത്ത് പായ്ക്കുചെയ്ത് ഭാരതീയ തപാൽ വകുപ്പിലൂടെയാണ് അയച്ചത്.
ഇത് കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറം എന്ന അന്താരാഷ്ട്ര റിക്കാർഡ് സംഘടനയെ അറിയിച്ചു.
വീഡിയോയും ഫോട്ടോകളും മറ്റ് അനുബന്ധ രേഖകളും അവരുടെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.
തുടർന്ന് അന്താരാഷ്ട്ര സഹോദര ദിനത്തിൽ എഴുതിയ കത്ത് ലോക റിക്കോർഡ് പട്ടികയിൽ സ്ഥാനം പിടിച്ചതായി യുആർഎഫ് കൃഷ്ണപ്രിയയെ അറിയിക്കുകയായിരുന്നു.
ഇടുക്കി പാന്പനാർ പന്തലാടു വീട്ടിൽ ശശിയുടെയും പീരുമേട് കുടുംബശ്രീ ചെയർപേഴ്സൺ ശശികലയുടെയും മകളാണ് കൃഷ്ണപ്രിയ.
ജോലിയുടെ ഭാഗമായി മുണ്ടക്കയത്താണ് കൃഷ്ണപ്രിയ താമസിക്കുന്നത്. കുട്ടിക്കാനം എംബിസി കോളജ് വിദ്യാർഥിയാണ് സഹോദരൻ കൃഷ്ണപ്രസാദ്.