മിലാൻ: മാർപാപ്പയെ അഭിസംബോധന ചെയ്ത് ഇറ്റാലിയൻ നഗരമായ മിലാനിൽ പോസ്റ്റ്ചെയ്ത കത്തിനെക്കുറിച്ച് അന്വേഷണം.
മൂന്ന് വെടിയുണ്ടകൾ അടക്കം ചെയ്തിരിക്കുന്ന കത്തിലെ ദുരൂഹതകൾ കണ്ടെത്താനാണ് അന്വേഷണമെന്ന് ഇറ്റാലിയൻ പാരാമിലിറ്ററി പോലീസ് അറിയിച്ചു.
മിലാൻ നഗരപ്രാന്തത്തിൽ കത്തുകൾ തരംതിരിക്കുന്ന ഒരു കേന്ദ്രത്തിലെ ജീവനക്കാരനാണ് ഫ്രാൻസിൽനിന്ന് പോസ്റ്റ്ചെയ്തിരിക്കുന്ന കത്തിനെക്കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്.
‘ദ് പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയർ, റോം’ എന്ന വിലാസം പേനകൊണ്ടാണ് കത്തിൽ എഴുതിയിരിക്കുന്നത്.
പിസ്റ്റലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മൂന്ന് വെടിയുണ്ടകൾ കത്തിനുള്ളിൽ ഉണ്ടായിരുന്നു. വത്തിക്കാനിലെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശവും കത്തിൽ ഉണ്ടായിരുന്നു.
കത്തിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വത്തിക്കാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.