കുന്നംകുളം: കുന്നംകുളത്തെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലേക്കും നിർബന്ധിത പാർട്ടി പിരിവ് നൽകണമെന്നാവശ്യപ്പെട്ട് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നൽകിയ കത്ത് വിവാദങ്ങളിലേക്ക്. മറ്റെവിടെയും ഇല്ലാത്ത വിധമാണ് നിയോജകമണ്ഡലം പ്രസിഡന്റ് ഒപ്പിട്ട് ഓരോ കടക്കാരനും നിർബന്ധമായി നൽകേണ്ട തുകയും ചേർത്തുകൊണ്ട് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുന്നംകുളത്തെ ഭൂരിഭാഗം കടകളിലും ഈ കത്ത് ലഭിച്ചുകഴിഞ്ഞു.
ഒരു ദേശീയപാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിർബന്ധിത പരിവ് കത്തിനെതിരെ കുന്നംകുളത്തെ വ്യാപര സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽതന്നെ ആദ്യമായി ചെയ്തിട്ടുള്ള ഈ പിരിവു പരിപാടിയിൽ ഇടപെടണമെന്നും ഇത്തരത്തിൽ കച്ചവടക്കാരെ ഉപദ്രവിക്കരുതെന്നും കാണിച്ച് ചേംബർ ഓഫ് കോമേഴ്സ് ജില്ലാ ബിജെപി നേതൃത്വത്തിന് പരാതി നൽകി.
ബിജെപി കുന്നംകുളത്ത് ഭീഷണിയുടെ സ്വരം കത്തിലൂടെ കാണിച്ച് കച്ചവടക്കാരെ പകൽകൊള്ള ചെയ്യുകയാണെന്നും ആരും തന്നെ ഇത്തരം പിരിവുമാഫിയയെ സഹായിക്കരുതെന്നും ഇടതു അനുഭാവ സംഘടനയായ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കത്തിലൂടെ ഭീഷണിപ്പെടുത്തി പാർട്ടി ഫണ്ടെന്ന് പറഞ്ഞ് പണം ഈടാക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യാപാരി സമിതി വ്യക്തമാക്കി.
ലക്ഷങ്ങൾ നൽകണമെന്ന് കാണിച്ചാണ് കുന്നംകുളത്ത് വിവിധ വ്യാപാരസ്ഥാപനങ്ങൾക്ക് ബിജെപി കത്ത് നൽകിയിരിക്കുന്നത്. പല സ്ഥാപനങ്ങൾക്കും ഒരു ലക്ഷത്തിൽ കൂടുതൽ സംഖ്യ എഴുതി നൽകിയിട്ടുണ്ട്. പാർട്ടി ഓഫീസിൽനിന്നും പിന്നാലെ വിളിച്ച് തുകയുടെ കാര്യം ചോദിക്കുന്നുമുണ്ട്. ചെറുകിട കച്ചവടക്കാർക്കും കത്ത് ലഭിച്ചിട്ടുണ്ട്.
എല്ലാ പാർട്ടിക്കാരും കുന്നംകുളത്ത് പാർട്ടി ഫണ്ട് പിരിവ് നടത്താറുണ്ടെങ്കിലും ഇങ്ങനെ നൽകേണ്ട തുക രേഖപ്പെടുത്തി ഔദ്യോഗിക കത്ത് നൽകി പിരിവെടുക്കുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ പിരിവു നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് ഇവിടത്തെ വ്യാപാരികൾ.