കൊല്ലങ്കോട് : ഊട്ടറ ലെവൽ ക്രോസ് ഏകദേശം മുക്കാൽ മണിക്കൂറോളം അടച്ചിട്ടതു മൂലം നൂറുകണക്കിനു യാത്രക്കാർ പെരുവഴിയിലകപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം.
പാലക്കാട് - പൊള്ളാച്ചി ഭാഗത്തു നിന്നു വരുന്ന ട്രെയിനുകൾ ക്രോസിംഗിനു വേണ്ടിയായിരുന്നു ഗേറ്റടച്ചത്. പൊള്ളാച്ചി ഭാഗത്തു നിന്നും വന്ന ഗുഡ്സ് ട്രെയിനാണ് ഉൗട്ടറ സ്റ്റേഷനിൽ നിർത്തിയിട്ടത്.
ഗുഡ്സ് ബോഗികൾ കൂടുതലുള്ളതിനാൽ ലെവൽ ക്രോസ് ഗേറ്റ് വരെ എത്തിയതിനാലാണ് റോഡ് ഗതാഗതം നിർത്തിവച്ചത്. ഇതോടെ കൊല്ലങ്കോട്, പുതുനഗരം ഭാഗത്തു നിന്നും എത്തിയ നൂറുകണക്കിനു വാഹനങ്ങൾ ഇരുവശത്തും അണിനിരന്നതോടെ സ്ഥലത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണുണ്ടായത്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കുരുക്കിൽ പെട്ടു.റെയിൽവേ ബൈപ്പാസ് റോഡിലും വാഹനങ്ങൾ തിങ്ങി നിറഞ്ഞു. പൊട്ടിപൊളിഞ്ഞ സഞ്ചാരയോഗ്യമല്ലാത്ത ആലന്പള്ളം കോവിലകം മൊക്കു പാതകളിലും വാഹനങ്ങൾ നിർത്തി ദുരിതത്തിലായി.
4.15ന് ഉൗട്ടറയിലെത്തുന്ന ചെന്നൈയിലേക്കുള്ള എക്സ്പ്രസ് കടത്തി വിടാൻ വേണ്ടിയാണ് ചരക്കുവണ്ടി പിടിച്ചിട്ടത്. ഇതിനിടെ ക്ഷുഭിതരായ യാത്രക്കാർ ട്രെയിൻ ഗെയിറ്റിൽ നിന്നും അൽപ്പം പുറകിലോട്ട് മാറ്റിയിടാൻ എൻജിൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.
എന്നാൽ സ്റ്റേഷനിൽ നിന്നും സിഗ്നൽ ലഭിക്കാതെ എൻജിൻ പുറകോട്ടു എടുക്കുന്നതു നിയമവിരുദ്ധമാണെന്നും ഡ്രൈവർ മറുപടി നൽകി.
ചെന്നൈ ട്രെയിൻ കടന്നുപോയശേഷം ഗുഡ്സ് പാലക്കാട് ഭാഗത്തേക്കു കടന്നു. ഇതിനു ശേഷം റോഡിൽ നിരന്ന വാഹനങ്ങൾ മറികടക്കാൻ പത്തുമിനിറ്റിൽ കൂടുതൽ സമയം വേണ്ടി
വന്നു.