പത്തനംതിട്ട: എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നടന്നത് 555 നിയമനങ്ങൾ മാത്രം. 2397 പേർ ഉൾപ്പെട്ട റാങ്ക്ലിസ്റ്റിൽ നിന്നാണ് വളരെ കുറച്ചു നിയമനങ്ങൾ മാത്രം ഇക്കാലയളവിൽ നടന്നിരിക്കുന്നത്.
വിവിധവകുപ്പുകളിൽ പ്രമോഷൻ നടക്കാതിരിക്കുന്നതും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടാത്തതും ഇറിഗേഷൻ, വാണിജ്യ വകുപ്പുകളിൽ തസ്തിക വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള നടപടികൾ ഉദ്യോഗാർഥികൾക്കു വിനയായി. നേരത്തെ മു്ൻലിസ്റ്റുമായി ബന്ധപ്പെട്ട കേസ്, യോഗ്യത പരിഷ്കരണം, ഭിന്നശേഷിക്കാരുടെ റൊട്ടേഷൻ പരിഷ്കരണം, തെരഞ്ഞെടുപ്പ് തുടങ്ങിയവയിൽ കുടുങ്ങി നിയമന നടപടികൾ തടസപ്പെട്ടിരുന്നു.
ലിസ്റ്റ് അന്തിമഘട്ടത്തിലെത്തി നിൽക്കവേയാണ് വിജിലൻസ് അന്വേഷണത്തിലൂടെ പത്തനംതിട്ട ജില്ലയിൽ 47 ഒഴിവുകൾ ഉള്ളതായി റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ ഒഴിവുകളിൽ മാസങ്ങൾക്കുമുന്പേ പിഎസ്്സിയിൽ നിന്നു നിയമനശിപാർശ നൽകിയവയാണെന്നും പറയുന്നു.
ഓഫീസുകളിലെത്തി പരിശോധന നടത്താതെയാണ് വിജിലൻസ് റിപ്പോർട്ടു തയാറാക്കിയതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. 30ന് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകുന്നതോടെ പലരുടെയും ജോലിസാധ്യത തന്നെ ഇല്ലാതാകും.