കൊല്ലം: പുനലൂർ-കൊല്ലം പാതയിൽ എൽഎച്ച്ബി കോച്ചുകളുടെ ആദ്യ ട്രെയിൻ സർവീസ് 17 മുതൽ ഓടിത്തുടങ്ങും. നിലവിൽ ഈ പാതയിൽ ഐസിഎഫ് കോച്ചുകൾ മാത്രമുള്ള ട്രെയിനുകളാണ് ഓടുന്നത്. താംബരം -കൊച്ചുവേളി ദ്വൈവാര സമ്മർ സ്പെഷലാണ് ഇതുവഴി കടന്നുപോകുന്ന ആദ്യ എൽഎച്ച്ബി ട്രെയിൻ. 16 എൽഎച്ച്ബി കോച്ചുകളാണ് ഈ വണ്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.താംബരത്ത് നിന്ന് പുറപ്പെടുന്ന വണ്ടി ചെങ്കോട്ട, പുനലൂർ, കൊല്ലം വഴിയാണ് കൊച്ചുവേളിക്ക് പോകന്നത്.
താംബരം-കൊച്ചുവേളി ഈ മാസം 16 മുതൽ ജൂൺ 29 വരെ വ്യാഴം ശനി, ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരികെയുള്ള കൊച്ചുവേളി -താംബരം എക്സ്പ്രസ് ഈ മാസം 17 മുതൽ അടുത്ത മാസം 30 വരെ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. താംബരത്ത് നിന്ന് രാത്രി 7.30 ന് യാത്ര തിരിക്കുന്ന വണ്ടി പിറ്റേദിവസം രാവിലെ 9.45 ന് കൊച്ചുവേളിയിൽ എത്തും.
കൊച്ചുവേളിയിൽ നിന്ന് പുലർച്ചെ 4.15ന് പുപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് താംബരത്ത് എത്തും. നേരത്തേ ഐസിഎഫ് കോച്ചുകൾ മാത്രം ഉള്ള ട്രെയിനുകൾ ഓടിയിരുന്ന റൂട്ടിൽ എൽഎച്ച്ബി, ഗരീബ് രഥ്, വിസ്റ്റോഡം കോച്ചുകൾ ഉപയോഗിച്ചുള്ള ട്രെയിനുകളുടെ പരീക്ഷണ ഓട്ടം മൂന്ന് മാസം മുമ്പ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ പാതയിൽ എൽഎച്ച്ബി കോച്ചുകൾ ഉള്ള ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡ് പച്ചക്കൊടി കാട്ടിയത്. നിലവിൽ ഈ റൂട്ടിൽ 18 കോച്ചുകൾ ഉള്ള ട്രെയിനുകൾ സർവീസ് നടത്താൻ അനുമതിയുണ്ട്. നേരത്തേ കോച്ചുകളുടെ എണ്ണം 14 ആയി നിജപ്പെടുത്തിയിരുന്നു.
ഈ പാതയിലെ ചെറിയ പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ പൊക്കവും നീളവും കൂട്ടുന്ന ജോലികൾ ആരംഭിച്ച് കഴിഞ്ഞു. അത് കൂടി പൂർത്തീകരിച്ച് കഴിഞ്ഞാൽ 24 കോച്ചുകൾ ഉള്ള വണ്ടികൾ വരെ ഈ റൂട്ടിൽ സർവീസ് നടത്താൻ കഴിയും.
എസ്.ആർ. സുധീർ കുമാർ