കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ നടനെ എതിർത്തിരുന്നവർ പോലും മുൻ നിലപാടുകളിൽ നിന്ന് മറുകണ്ടം ചാടിത്തുടങ്ങി. ദിലീപിന് അർഹിച്ച ജാമ്യമാണ് ലഭിച്ചതെന്ന് തീയറ്റർ ഉടമ ലിബർട്ടി ബഷീർ. കേസിന്റെ അവസാന ഘട്ടത്തിൽ പോലീസും പ്രോസിക്യൂഷനുമെല്ലാം ദിലീപിനെതിരായ തെളിവുകൾ കണ്ടെത്താനാകാതെ കുഴങ്ങിയിരുന്നുവെന്നും എങ്ങനെയങ്കിലും കേസ് അവസാനിപ്പിച്ചാൽ മതിയെന്ന നിലയിലായിരുന്നു പ്രോസിക്യൂഷനെന്നും ബഷീർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ട ശിക്ഷയുടെ പരമാവധി ദിലീപ് ഇതിനോടകം അനുഭവിച്ചെന്നും ഇനി അദ്ദേഹം കാരാഗൃഹവാസം അനുഭവിക്കേണ്ടതില്ലെന്നും ബഷീർ കൂട്ടിച്ചേർത്തു.
കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത്, തന്റെയടക്കം നിരവധിപേരുടെ ചലച്ചിത്ര ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചയാളാണ് ദിലീപ് എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ നടനെതിരെ ലിബർട്ടി ബഷീർ ഉന്നയിച്ചിരുന്നു.