ക്രിസ്മസിനും ന്യൂഇയറിനും മലയാളിക്കു മുന്നില്‍ തിയറ്റര്‍ അടച്ചിട്ട ലിബര്‍ട്ടി ബഷീറിനും സംഘത്തിനും സിനിമാക്കാരുടെ വക തിരിച്ചടി. പുതിയ സിനിമകള്‍ തങ്ങളുടെ തിയറ്ററുകള്‍ക്ക് നല്കുന്നില്ലെന്നാണ് ലിബര്‍ട്ടി ബഷീറിന്റെയും കൂട്ടരുടെയും പരാതി. പുതിയ സംഘടനയും നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് തങ്ങള്‍ക്ക് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബഷീര്‍ പറഞ്ഞു.
എ ക്ലാസ് തിയറ്ററുകളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു ലിബര്‍ട്ടി ബഷീര്‍. തിയറ്റര്‍ സമരത്തിന്റെ സൂത്രധാരവും അദ്ദേഹമായിരുന്നു. ഇതാണ് പുതിയ സംഘടന ബഷീറിനെ ഉന്നംവയ്ക്കാന്‍ കാരണം. ബഷീറിന്റെ തലശേരിയിലെ ലിബര്‍ട്ടി പാരഡൈസ്, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപഌ്‌സ്, ജേക്കബിന്റെ കാഞ്ഞാണിയിലെ സിംല എന്നിവ ഉള്‍പ്പെടെ 25 തിയറ്ററുകള്‍ക്കാണ് പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനായി അനുവദിക്കാത്തത്.
ഒരു മാസത്തോളം നീണ്ടുനിന്ന തിയറ്റര്‍ സമരത്തിനുശേഷം ഈയാഴ്ച രണ്ടു ചിത്രങ്ങളാണ് തിയറ്ററുകളില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. തങ്ങള്‍ക്ക് സിനിമകള്‍ നല്‍കാത്ത പുതിയ സംഘടനയുടെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നത്തില്‍ എത്രയുംപെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.