തലശേരി: മീ ടു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടിമാര്‍ മനസ് തുറന്നാല്‍ സിനിമാ ലോകത്തെ പല ദന്തഗോപുരങ്ങളും തകര്‍ന്നടിയുമെന്ന് ലിബര്‍ട്ടി ബഷീര്‍. സിനിമ ഷൂട്ടിംഗിനിടയില്‍ നടി പീഡന ശ്രമത്തിനിരയായ സംഭവത്തില്‍ വേട്ടക്കാരനെ രക്ഷിക്കണമെന്ന വോയ്സ് മെസേജ് ഗ്രൂപ്പിലിടുകയും വേട്ടക്കാരനായ പയ്യനെ പാവമായി ചിത്രീകരിക്കുകയും അവനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷക്കെതിരേയും അക്രമിക്കെതിരെ നടപടിയെടുക്കാന്‍ തയ്യറാകാത്ത ഫെഫ്ക സെക്രട്ടറി ഉണ്ണികൃഷണനെതിരേയും പോലീസ് കേസടുക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.
പ്രതി സ്ഥാനത്ത് നില്ക്കുന്ന പയ്യന് പാവമാണെന്നും അവനെ രക്ഷിക്കണമെന്നുമാണ് വോയ്സ് മെസേജിലൂടെ ബാദുഷ അവശ്യപ്പെടുന്നത്. പല പ്രാവശ്യത്തെ പ്രലോഭനങ്ങളെ തുടര്‍ന്നാണ് നടിയെ പയ്യന് സമീപിച്ചതെന്നും പയ്യന് അങ്ങനെ ഒരു അബദ്ധം പറ്റിയെന്നും അവന് ഒന്നു പോയി നോക്കിയതാണെന്നും ഇതെല്ലാം ആര്‍ക്കും പറ്റുന്നതായണെന്നും ഇതെല്ലാം നമ്മുടെ ആള്‍ക്കാരുടെ മാത്രം ഇടയില്‍ ഒതുങ്ങേണ്ട വിഷയമാണെന്നും അവനെ ക്രൂശിക്കുന്നതില്‍ നിന്നും എല്ലാവരും ഒഴിവാകണമെന്നും രക്ഷികാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്നും വ്യക്തമാക്കുന്ന ബാദുഷ പയ്യന് തെറ്റു ചെയ്തതായി സമ്മതിക്കുന്നുണ്ട്.
പയ്യന്റെ ഭാര്യ വിവരമറിഞ്ഞ് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും വോയ്സില്‍ പറയുന്നുണ്ട്. മൂന്നാറിലെ വനത്തിനുള്ളിലായിരുന്നതു കൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നും പ്രതിസ്ഥാനത്തു നില്ക്കുന്ന പയ്യന് നല്ലവനാണെന്നുള്ള സര്‍ട്ടിഫിക്കറ്റും നല്കുന്ന ബാദുഷക്കെതിരെ ഇവയെല്ലാം തന്നെ തെളിവായി സ്വീകരിച്ചു നടപടിയെടുക്കണം.ബാദുഷയുടെ വോയ്സ് ക്ലിപ്പിംഗിന് താന്‍ മറുപടി പറഞ്ഞാല്‍ കേരളത്തിലെ പലരുടേയും ഉറക്കം നഷ്ടപ്പെടുമെന്നും ബഷീര്‍ വ്യക്തമാക്കി.
നടിമാര്‍ പത്ത് ശതമാനം കാര്യങ്ങള്‍ പോലും തുറന്നു പറഞ്ഞിട്ടില്ല. പതിനേഴിലേറെ സിനിമകള്‍ നിര്‍മ്മിച്ച തനിക്ക് പല സംഭവങ്ങളും ഇന്നലെയെന്നപോലെ ഓര്‍മ്മയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവരാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്. അവര്‍ തന്നെ പ്രശ്നക്കാരാകുമ്പോള്‍ വേലി തന്നെ വിളവ് തിന്നുന്ന സ്ഥിയാണുണ്ടാകുന്നത്.സിനിമ നടിമാരുടേയും സഹ നടിമാരുടേയും കിടപ്പുമുറിയുടെ വാതില്‍ മുട്ടിയ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. തന്റെ സിനിമയുടെ ലൊക്കേഷനില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയും പല ഘട്ടങ്ങളിലും നടപടികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ നേരത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ പരാതി ഉയര്‍ന്നിരുന്നു. അന്ന് ഫെഫ്ക കൃത്യമായ നടപടികള്‍ സ്വകീരിച്ചിരുന്നെങ്കില് നടി ആക്രമിക്കപ്പെടുമായിരുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ തുടര്‍ന്ന് പറഞ്ഞു.