കൊച്ചി: എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിൽനിന്നു ലിബർട്ടി ബഷീർ രാജിവച്ചു. അടുത്ത സംഘടനായോഗത്തിനു മുൻപ് ഔദ്യോഗികമായി രാജിക്കത്തു നൽകുമെന്നും ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിൽ അംഗമാകില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
തിയറ്റർ സമരം അവസാനിച്ചു നാലു മാസമായിട്ടും തന്റെ തിയറ്ററുകൾക്കു സിനിമാ സംഘടനകൾ സിനിമ നൽകിയിരുന്നില്ല. ഇതിനെതിരേ എക്സിബിറ്റേഴ്സ് ഫെഡറേഷനിൽനിന്നു പിന്തുണ ലഭിച്ചില്ല. ഈ സാഹചര്യത്തിൽ സംഘടനയിൽ തുടരുന്നതിൽ അർഥമില്ല എന്നതുകൊണ്ടാണു താൻ രാജിവയ്ക്കുന്നത്. രാജി വച്ചെന്നു കാണിച്ചു വിതരണക്കാരുടെ സംഘടനയ്ക്കു കത്തു നൽകിയിട്ടുണ്ട്.
തീയറ്റർ ഉടമകളുടെ സംഘടനകളിലേക്ക് ഇനി താനില്ല. എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ അംഗങ്ങളുമായി ഇനി രാജി സംബന്ധിച്ചു ചർച്ചയുമില്ല. തന്റെ ഏകപക്ഷീയമായ തീരുമാനപ്രകാരമായിരുന്നില്ല തിയേറ്റർ സമരം. സംഘടന ഒറ്റക്കെട്ടായാണു സമരം ചെയ്തത്. സമരത്തിനു ശേഷം തന്റെ ആറു തിയറ്ററുകൾ അടഞ്ഞു കിടക്കുകയായിരുന്നു. വിതരണക്കാരും നിർമാതാക്കളുമായി സഹകരിച്ചു തന്റെ തിയറ്ററുകളിൽ ഇനി പുതിയ സിനിമകൾ റിലീസ് ചെയ്യും.
ജോമോന്റെ സുവിശേഷങ്ങൾ, മോഹൻലാലിന്റെ ബിയോണ്ട് ബോർഡേഴ്സ്, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ എന്നിവയെല്ലാം പ്രദർശനം തുടങ്ങി. ബാഹുബലിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. റിലീസ് ദിവസംമുതൽ പ്രദർശനം ആരംഭിക്കുമെന്നും ബഷീർ പറഞ്ഞു.
രാജി വച്ചതായി കാണിച്ചുകൊണ്ടുള്ള ബഷീറിന്റെ കത്ത് നിർമാതാക്കളുടെയും വിതരണക്കാരുടെയും കോർ കമ്മിറ്റിക്കു ലഭിച്ചതായി ഭാരവാഹികൾ സ്ഥിരീകരിച്ചു.