കൊച്ചി: ഫേസ്ബുക്കിലൂടെ മത സ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനു മറ്റൊരു വനിത കൂടി പോലീസ് കേസിൽ കുടുങ്ങുന്നു.ശബരിമല ദർശനത്തിനെത്തിയപ്പോൾ വിശ്വാസികൾ തടഞ്ഞ വനിതകളിൽ ഒരാളായ ചേർത്തല സ്വദേശി സി.എസ്.ലിബിക്കാണ് കേസ് വന്നിരിക്കുന്നത്.
രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റു ചെയ്തു കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്പോഴാണ് ആലപ്പുഴ ചേർത്തല സ്വദേശി സി.എസ്.ലിബിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സി.എസ്.സുമേഷ്കൃഷ്ണയുടെ ഹർജിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരാതി അന്വേഷിച്ചു നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണു പോലീസ് നടപടി. കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഫേസ് ബുക്കു ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.
നേരത്തെ ലിബിക്കെതിരെ പത്തനംതിട്ട പോലീസ് ഐടി ആക്ട് പ്രകാരം മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തിരുന്നു. ബിജെപി നൽകിയ പരാതിയിലാണ് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനു ലിബിയെ പ്രതിയാക്കിയത്. ശബരിമലയിലേക്ക് പുറപ്പെടാൻ ഇറങ്ങിയ ലിബിയെ യാത്രാമധ്യേ ഭക്തർ തടയുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു.
ശബരിമലയിലേക്കുള്ള യാത്ര തുടരുന്നതിനായി ലിബിയെ പോലീസ് പത്തനംതിട്ട ബസ് സ്റ്റാന്റിലെത്തിച്ചു. എന്നാൽ ബസ് സ്റ്റാൻഡിൽ വച്ച് ഇവരെ ആളുകൾ വീണ്ടും തടഞ്ഞു. ശബരിമലവരെ ലിബിക്ക് സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്നു പോലീസ് നിലപാടെടുത്തതോടെ ഇവർക്ക് മടങ്ങേണ്ടി വന്നിരുന്നു.