പിറവം: ഓർമവച്ചനാൾ മുതലുള്ള ലിബിയയുടെ സ്വപ്നം അടച്ചുറപ്പുള്ള ഒരു വീടായിരുന്നു. ഇത് സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ഈ 23-കാരി. മാതാവ് നഷ്ടപ്പെട്ട് രോഗിയായ പിതാവും, സഹോദരനുമായി പ്ലാസ്റ്റിക് ഷീറ്റുവലിച്ചുകെട്ടിയ കുടിലിൽ താമസിച്ചുവന്നിരുന്ന പിറവം പടിഞ്ഞാറെ ആകശാലയിൽ ബേബിയുടെ മകളായ ലിബിയ്ക്ക് പുതിയൊരു വീട്ടിലേക്കുള്ള വഴി തെളിച്ചത് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം.
ലിബിയ വളരെ പഴക്കംചെന്ന വീട്ടിലായിരുന്നു പണ്ട് താമസിച്ചുവന്നിരുന്നത്. ഇത് ഇടിഞ്ഞവീണതോടെ സിൽപോളിൻ ഷീറ്റ് മുകളിലും, ചുറ്റുമായി വലിച്ചുകെട്ടി ഇതിനുള്ളിലായി മൂന്നംഗ കുടുംബത്തിന്റെ കിടപ്പ്. 12 വർഷം മുന്‍പാണ് മാതാവ് ലില്ലി മരണമടയുന്നത്. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പാചകപ്പുരയിൽ ജോലി ചെയ്തുവന്നിരുന്ന ലില്ലിയുടെ മരണത്തോടെ വീട്ടിലേക്കുള്ള വരുമാനവും നിലച്ചിരുന്നു.
ലിബിയ പിന്നീട് വളരെ കഷ്ടപ്പാടുകൾ സഹിച്ച് ഡിഗ്രിയും, പിന്നീട് ടിടിസിയും പാസായതോടെ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ താൽക്കാലിക ജോലിയും ലഭിച്ചു. ഇത് കുടുംബത്തിന് ചെറിയൊരു ആശ്വാസമായി. എന്നാലും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം അവശേഷിക്കുകയായിരുന്നു.പിറവം നേറ്റീവ് അസോസിയേഷൻ ന്യൂയോർക്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻകൂടിയായ സാബു കെ. ജേക്കബിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പാക്കുന്ന ആറാമത്തെ ഭവന പദ്ധതിയാണിത്.
ലിബിയക്കായി ഒരു വർഷത്തിനുള്ളിൽ 700 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചുനൽകിയത്. ഇതിനായി നാല് ലക്ഷത്തിലധികം രൂപയാണ് ചിലവായത്. നഗരസഭ ചെയർമാൻ സാബു കെ.ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ നിയുക്ത ചെയർമാനും, പിറവം നേറ്റീവ് അസോസിയേഷൻ ഭാരവാഹിയുമായ ജോയി ഇട്ടൻ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.
കെപിസിസി സെക്രട്ടറി ജയ്സണ്‍ ജോസഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസണ്‍ കെ. ജോണ്‍, നഗരസഭ വൈസ് ചെയർപേഴ്സണ്‍ ഐഷ മാധവൻ, റോട്ടറി ക്ലബ് കോർഡിനേറ്റർ ഡോ. എ.സി. പീറ്റർ, എം.ടി. പൗലോസ്, ജിൽസ് പെരിയപ്പുറം, അരുണ്‍ കല്ലറയ്ക്കൽ, തന്പി പുതുവാക്കുന്നേൽ, ഉണ്ണി വല്ലയിൽ, ബെന്നി വി. വർഗീസ്, കുര്യൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു. കൗണ്‍സിലർ സുനിത വിമൽ സ്വാഗതവും, അഡ്വ. കെ.എൻ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.