സീമ മോഹന്‍ലാല്‍
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. “വചസ്’ എന്നു പേരിട്ടിരിക്കുന്ന ആ വീടിന്റെ പാലുകാച്ചലിന് വന്ന അതിഥികളെല്ലാം മറ്റൊരുചടങ്ങിനു കൂടി അവിടെ സാക്ഷിയായി. വലിയൊരു മുറിയുടെ മൂന്നു ചുവരുകളില്‍ ഒരുക്കിയ ഷെല്‍ഫില്‍ അയ്യായിരത്തിലധികം പുസ്തകങ്ങളുമായി വീട്ടിലെ ലൈബ്രറിയുടെ ഉദ്ഘാടനവും അന്ന് ഡിഐജി ആര്. നിശാന്തിനി നിര്‍വഹിച്ചു.
വീട്ടുമുറ്റത്തൊരുക്കിയ അക്ഷരസദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ മുന്‍ ഡിജിപി ഹേമചന്ദ്രനും. കവികളും എഴുത്തുകാരും പോലീസിലെ എഴുത്തുകാരുമൊക്കെ നിറഞ്ഞതോടെ ആ ഗൃഹപ്രവേശനച്ചടങ്ങ് അത്യധികം പുതുമ നിറഞ്ഞതായി.
സ്വന്തം വീട് വായന പൂക്കുന്ന ഒരിടമാക്കി മാറ്റിയത് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് ജനമൈത്രി ഡയറക്ടറേറ്റിലെ സിവില്‍ പോലീസ് ഓഫീസറായ രതീഷ് ഇളമാടാണ്. രതീഷിന്റെ ലൈബ്രറിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. എഴുത്തുകാരന് കൂടിയായ ഈ വീട്ടുടമ വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ മാത്രമാണ് ലൈബ്രറിയിലുള്ളത്.
പ്രചോദനമേകിയത് അച്ഛന്
കൊല്ലം ആയുര്‍ ഇളമാട് പരമേശ്വരവിലാസത്തില്‍ പരേതനായ മുരളീധരന് പിള്ള – ലളിതമ്മ ദമ്പതികളുടെ ഇളയ മകനായ രതീഷിന് കുട്ടിക്കാലം മുതല്‍ പുസ്തക വായനയായിരുന്നു ഇഷ്ടവിനോദം. ചായക്കട നടത്തിയിരുന്ന മുരളീധരന്‍പിള്ള മകന്റെ അഭിരുചി കണ്ടറിഞ്ഞ് തുച്ഛമായ വരുമാനത്തില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങി നല്‍കുമായിരുന്നു.
രതീഷും സഹോദരിമാരായ ബിന്ദുവും സിന്ധുവുമൊക്കെ ആ പുസ്തകങ്ങള്‍ വായിച്ചാണ് വളർന്നത്. എംഎ മലയാളം ബിരുദാനന്തര ബിരുദധാരിയായ രതീഷ് പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനായി റബര്‍ ലോഡിംഗിനു പോകുമായിരുന്നു.
ആദ്യം വാങ്ങിയത് ആശാന് സമ്പൂര്‍ണ കൃതികള്‍
വായനയോടുളള താത്പര്യം കൊണ്ട് കൊല്ലത്തെ പല ലൈബ്രറികളില്‍നിന്നു പുസ്തകങ്ങളെടുത്താണ് രതീഷ് വായിച്ചിരുന്നത്. റബര്‍ ലോഡിംഗില്നിന്നു കിട്ടിയ ചെറിയ തുക കൂട്ടിവച്ച് 2006ല്‍ അദേഹം ആദ്യമായൊരു പുസ്തകം സ്വന്തമാക്കി. കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിയ പുസ്തകമേളയില്‍നിന്ന് ആശാന്റെ സമ്പൂര്‍ണ കൃതിയായിരുന്നു അത്.
രതീഷിന് ഒരു ശീലമുണ്ട്. പുസ്തകം വാങ്ങുമ്പോള്‍ ആദ്യ പേജില്‍ തന്റെ പേരെഴുതും. അതു വായിച്ചു തീരുമ്പോള്‍ അവസാന പേജില്‍ ഒപ്പും ഇടും. അന്ന് ഒപ്പിട്ട ആ പുസ്തകം പരമേശ്വര വിലാസം വീട്ടിലെ മര അലമാരയില്‍ സ്ഥാനം പിടിച്ചു. അതായിരുന്നു രതീഷിന്റെ ലൈബ്രറിയിലെ ആദ്യ പുസ്തകം. പിന്നീട് അദേഹം പാരലല്‍ കോളജ് അധ്യാപകനായതോടെ പുസ്തകങ്ങള്‍ കൂടുതലായി വാങ്ങിത്തുടങ്ങി.
നല്ലൊരു എഴുത്തുകാരനാണ്
2005ല്‍ സുഹൃത്തുക്കളുടെ പിന്തുണയില്‍ കാവ്യാക്ഷരങ്ങള്‍ എന്ന പേരില്‍ കവിതകളുടെ ഒരു സിഡി പുറത്തിറക്കി. 2008ല്‍ രതീഷിന്റെ ആദ്യ കവിതാസമാഹാരം വായനക്കാരുടെ കൈകളിലെത്തി. മൃഗനീതികള്‍ എന്ന ആ കവിതാസമാഹാരത്തില്‍ വ്യത്യസ്തങ്ങളായ 25 കവിതകളാണുള്ളത്.
2010 ല്‍ പോലീസ് സേനയുടെ ഭാഗമായതോടെ തിരക്കുകള്‍ക്കിടയിലും അദേഹം പുസ്തകവായനയ്ക്കും എഴുത്തിനുമുള്ള സമയം കണ്ടെത്തി തുടങ്ങി. ഫയര്‍ ഫോഴ്സ് മേധാവിയായിരുന്ന ഡോ. ബി. സന്ധ്യയുടെ പേഴ്സണൽ സ്റ്റാഫായിരുന്നു അന്ന് അദ്ദേഹം.
2013ല്‍ കെ.പി. അപ്പന്റെ കൃതികളെക്കുറിച്ചു സമഗ്രമായൊരു പഠനഗ്രന്ഥം മലയാളത്തില്‍ ഇദ്ദേഹം തയാറാക്കി. വാക്കും കുരിശും എന്ന ആ ഗ്രന്ഥം അപ്പന്റെ കൃതികളിലെ ക്രിസ്തു സാന്നിധ്യത്തെക്കുറിച്ചായിരുന്നു. രാമായണത്തെ അലംബിച്ചുള്ള അയനങ്ങളുടെ നാനാര്‍ഥങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കായി ആയിരത്തോളം റഫറന്‍സ് പുസ്തകങ്ങള്‍ രതീഷ് വായിച്ചു.
വ്യത്യസ്ത രാമായണങ്ങള്‍, മലയാള കവിതയില്‍ രാമായണങ്ങളുടെ സ്വാധീനം, രാമായണത്തിന്റെ ബഹുസ്വരമായ പ്രത്യേകത ഇവയെല്ലാമാണ് ആ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് 15 ലേഖനങ്ങളുമായി രഹസ്യവനങ്ങളില്‍ പൂത്ത ഒറ്റമരം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ഈ പുസ്തകത്തിന്റെ അഞ്ച് പതിപ്പ് പിന്നിട്ടു. എം.എന്‍. വിജയനെക്കുറിച്ചുള്ള മറ്റൊരു പുസ്തകത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഇപ്പോള്‍ രതീഷ് ഇളമാട്. പ്രസംഗവും നിരൂപണവും വായനയുമൊക്കെ ഇദേഹം ഏറെ ഇഷ്ടപ്പെടുന്നു.
അക്ഷരങ്ങളുടെ വിസ്മയലോകം
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് ഈ വീട്ടുലൈബ്രറിയിലുള്ളത്. മലയാളത്തിലെ പ്രമുഖ സമ്പൂര്‍ണകൃതികള്‍, പുതു കവിതകള്‍, നിരൂപണ പുസ്തകങ്ങള്‍ എല്ലാം ഇവിടെയുണ്ട്. ആശാന്, ശ്രീനാരായണഗുരു, ഉള്ളൂര്‍, വള്ളത്തോള്‍, വൈലോപ്പിള്ളി, ബഷീര്‍, മാധവിക്കുട്ടി തുടങ്ങിയവരുടെ സമ്പൂര്‍ണ കൃതികള്‍, വിശ്വസാഹിത്യ താരാവലി, മാര്‍ക്കേസ്, നെരൂദ എന്നിവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടത്തെ അലമാരയില്‍ ഇടംപിടിച്ചിട്ടുണ്ട്.
വില്പനയില് ഇല്ലാത്ത പല കൃതികളും രതീഷിന്റെ പക്കലുണ്ട്. വായനയെ ഗൗരവമായി കാണുന്ന ഗവേഷക വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് രതീഷ് തന്റെ പുസ്തകങ്ങള്‍ നൽകുന്നത്. പലപ്പോഴും തന്റെ പക്കല്‍നിന്ന് പുസ്തകം വാങ്ങിക്കൊണ്ടുപോയ പലരും ഇന്നുവരെ അതു തിരിച്ചു തന്നിട്ടില്ലെന്നു പുസ്തകങ്ങളെ മക്കളെ പോലെ സ്നേഹിക്കുന്ന ഈ പോലീസുകാരന് പറയുന്നു.
ഡിജിപിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സനൂജയും പോലീസ് ഉദ്യോഗസ്ഥനായ ആര്.കെ. ജ്യോതിഷും സേനയിലെ മറ്റു സഹപ്രവര്‍ത്തകരും എപ്പോഴും പ്രോത്സാഹനവുമായി ഇദേഹത്തോടൊപ്പമുണ്ട്.
ഭാര്യ ആതിരയും അഞ്ചുവയസുകാരി മകള്‍ ഇളയും അടങ്ങുന്നതാണ് രതീഷിന്റെ കുടുംബം. ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു വിടാനുള്ളത്ര പണം താന്‍ പുസ്തകങ്ങള്‍ വാങ്ങാനായി മുടക്കിയിട്ടുണ്ട്. പക്ഷേ, അതൊരിക്കലും നഷ്ടമായി കരുതിയിട്ടില്ലെന്നാണ് ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം.