വൈക്കം: കൊറോണ കാലത്ത് കൃഷി വിപുലപ്പെടുത്തി കൗമാരക്കാരായ രണ്ടു സഹോദരങ്ങൾ. വൈക്കം കാരയിൽ ജീവൻ ആദർശി (മണ്ണംപള്ളി)ൽ എൽഐസി രമേശന്റെ മക്കളായ ആദർശ്, ആദിത്യൻ എന്നിവരാണു വീട്ടുവളപ്പ് കൃഷിയോഗ്യമാക്കി സമ്മിശ്ര ജൈവകൃഷി നടത്തിയത്.
വല്ലകം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആദർശും അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആദിത്യനും വീടിനോടു ചേർന്ന 75 സെന്റ് സ്ഥലത്ത് ടിഷ്യുകൾച്ചർ ഏത്തവാഴ, പൂവൻ വാഴ, കപ്പ, ചീര, പാവൽ, തക്കാളി, പടവലം, വെണ്ട, വഴുതന, വെള്ളരി, മുളക്, കുന്പളം, കുക്കുന്പർ, ചേന, ചേന്പ്, കാച്ചിൽ, നന കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവും വ്യത്യസ്തതയ്ക്കായി കശുമാവ്, ചോളം, സ്ട്രാബറി, അടതാപ്പ്, ചൈനീസ് ഓറഞ്ച്, ഫാഷൻ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
വീട്ടിൽ പരിമിതമായ സ്ഥലമുള്ളവർക്കും ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ഒന്നര സെന്റ് സ്ഥലത്ത് ഇവർ ഒരു തോട്ടം തീർത്തിട്ടുണ്ട്. വീടിന്റെ മട്ടുപ്പാവിൽ ഒരിഞ്ചു സ്ഥലം പാഴാക്കാതെ ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്.
വീട്ടിലെ കക്കൂസ് ടാങ്കിനു മീതെ പലകപാകി മീതെ മണ്ണിട്ട് ചീര കൃഷി നടത്തിയിട്ടുണ്ട്. വീട്ടിലെ പശുവിന്റെ ചാണകം, ആട്, മുയൽ, താറാവ്, പ്രാവ് തുടങ്ങിയവയുടെ കാഷ്ടം എന്നിവയാണു കൃഷിക്കു വളമായി ഉപയോഗിക്കുന്നത്.
കൊറോണ ബാധയുണ്ടായപ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്നു പച്ചക്കറി ലഭിക്കാതായപ്പോഴുണ്ടായ പ്രതിസന്ധിയാണു വീട്ടിലെ കൃഷി കൂടുതൽ വിപുലമാക്കുന്നതിനു പ്രേരിപ്പിച്ചതെന്ന് ആദർശും ആദിത്യനും പറയുന്നു.
മക്കളുടെ കാർഷിക ആഭിമുഖ്യവും സ്ഥിരോത്സാഹവും പരിഗണിച്ച് ജൈവകൃഷി പ്രചാരകനായ പിതാവ് കെ. രമേശനും മാതാവ് ഉഷയും വൈക്കം കൃഷിഭവനിലെ ഉദ്യോഗസ്ഥരും ആദർശിനും ആദിത്യനും പൂർണ പിന്തുണ നൽകുന്നു.