കോഴിക്കോട്: താമരശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദ യാത്രക്കിടെ സംഘത്തിലെ ഒരു വിദ്യാര്‍ഥിനിയുടെ ജന്മദിനാഘോഷത്തി ന്റെ ഭാഗമായി ബസ് ജീവനക്കാരന് ബസിന് മുകളില്‍ കയറി പൂത്തിരി കത്തിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തു.
ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ പി.എ.സൈനുദ്ദീന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. സ്പീഡ് ഗവര്‍ണറിന്റെ കണക്ഷന് വിച്ഛേദിച്ചാണ് ബസ് സര്‍വീസ് നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഒപ്പം ബസിനെ്റ പെര്‍മിറ്റും ഫിറ്റ്നസും റദ്ദാക്കി.
താമരശേരി ഹിറ ട്രാവല്‍സിന്റെ ബസാണ് കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എം. ഷബീര്‍ കസ്റ്റഡിയിലെടുത്തത്. ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചേവായൂരുള്ള ഗ്രൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബസിന് മുകളില്‍ കയറി പൂത്തിരി കത്തിച്ചത് ഗതാഗത നിയമ ലംഘനമാണെന്നും അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നുമാണ് ആരോപണം.
ഈ മാസം മൂന്നിന് കൊടകില് വെച്ചായിരുന്നു സംഭവം. അഞ്ചു ബസുകളിലായി ഡിസംബര്‍ ഒന്നിന് രാത്രി മൈസൂരു, കൊടക് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പോയ സംഘത്തിലെ ഒരാളുടെ ജന്മദിനത്തിന്റെ ഭാഗമായായിരുന്നു കുട്ടികള്‍ ആഘോഷം നടത്തിയത്. വിദ്യാര്‍ഥികള്‍ താഴെ നിന്ന് കേക്ക് മുറിക്കുമ്പോള്‍ ബസിന്റെ ക്ലീനര്‍ മുകളില്‍ കയറി പൂത്തിരി കത്തിച്ചു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ നടന്ന ഗതാഗത നിയമലംഘനം സംബന്ധിച്ച വിവാദമാണ് ബസ് കസ്റ്റഡിയിലെടുക്കാനിടയായത്. അതേസമയം ബസ് ജീവനക്കാര്‍ പൂത്തിരി വാങ്ങിയ വിവരം അധ്യാപകരോ വിദ്യാര്‍ഥികളോ അറിഞ്ഞിട്ടില്ലെന്നും അവര്‍ സ്വന്തം താത്പര്യത്തില്‍ തന്നെയാണ് പൂത്തിരികത്തിച്ച് ദൃശ്യം പകര്‍ത്തിയതെന്നും പടക്കം പൊട്ടിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.