
കൊല്ലം :ജില്ലയില്‍ മത്സ്യ കച്ചവടം നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ ചന്തകളില്‍ ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കും.
കളക്ട്രേറ്റില്‍ ചേര്‍ന്ന ഭക്ഷ്യ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ലൈസന്‍സ് എടുക്കാത്തവര്‍ക്ക് രജിസ്ട്രേഡ് നോട്ടീസ് നല്‍കും.
അനധികൃത വഴിയോര മത്സ്യ കച്ചവടം ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ലോറികളില്‍ മത്സ്യകച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ടുവന്ന പരാതികളും പരിഗണിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി. റേഷന്‍ കടകളില്‍ പച്ചരിയുടെ ലഭ്യത കുറഞ്ഞതുമായി ബന്ധപ്പെട്ട പരാതികള്‍ യോഗം ചര്‍ച്ച ചെയ്തു.
എത്രയും വേഗം ഇത് പരിഹരിക്കുമെന്ന് എ ഡി എം പി.ആര്.ഗോപാലകൃഷ്ണന് അറിയിച്ചു. അനധികൃത റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
നഗരത്തിലെ പല ഹോട്ടലുകളും ഏകപക്ഷീയമായി ഊണിനും മറ്റു വിഭവങ്ങള്‍ക്കും വില വര്‍ധിപ്പിച്ചതായുള്ള പരാതികളും പരിഗണിച്ചു. ഹോട്ടലുടമകളുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തു ഏകീകൃത വില സമ്പ്രദായം, വിലനിലവാരം പ്രദര്‍ശിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും എ ഡി എം പറഞ്ഞു.