ലക്നോ: മൂന്ന് തവണ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് കുറഞ്ഞത് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന നിർദേശവുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ചന്ദ്രഭൂഷൺ സിംഗ്.
നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകന യോഗം ചേർന്ന് കുറ്റം ആവർത്തിക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 7,070 ഡ്രൈവിംഗ് ലൈസൻസുകളാണ് സംസ്ഥാനത്തുടനീളം സസ്പെൻഡ് ചെയ്തത്.
അതേസമയം, ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് ആർടിഒ ഗാസിയാബാദ് പികെ സിംഗ് പറഞ്ഞു.
“ചില കുറ്റകൃത്യങ്ങളിൽ മൂന്ന് തവണ വരെ ലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്യും. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കുന്നത് പോലെ – മൂന്നിൽ കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസുകൾ റദ്ദാക്കാം, ”എന്നും അദ്ദേഹം പറഞ്ഞു.