മമ്മൂക്ക വിളിച്ചു, സംസാരിച്ചു! സ്വപ്‌നം പോലെ തോന്നുന്നെങ്കിലും ഇതുമതി മുന്നോട്ട് പോവാന്‍; ഏത് സാഹചര്യവും നേരിടാനും പഠിച്ചു; നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ലിച്ചി പറയുന്നു

കളിയായുള്ള ചോദ്യത്തിന് കളിയായുള്ള ഉത്തരം പറഞ്ഞതാണ് രേഷ്മ അന്ന രാജന്‍ എന്ന ലിച്ചിയെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയാക്കിയത്. നടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ ഒരു പ്രസ്താവന മൂലമാണ് ഫാന്‍സിന്റെ ആക്രമണത്തിന് അന്ന ഇരയായത്. എന്നാല്‍ കാര്യങ്ങള്‍ എല്ലാവരുടെയും കൈവിട്ടുപോയതോടെ മമ്മൂട്ടി തന്നെ നേരിട്ടു വിളിച്ചുവെന്നും ഏതു സാഹചര്യങ്ങളെയും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നും അന്ന ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയോട് സംസാരിച്ചത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. അങ്കമാലി ഡയറീസിന് ശേഷം നായികയായി അഭിനയിക്കാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂട്ടിയോടൊപ്പമായിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയ അവസരത്തിലാണ് വെളിപാടിന്റെ പുസ്തകത്തിലെത്തിയത്. ഉടന്‍ തന്നെ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് താനെന്നും അന്ന പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അന്ന രേഷ്മ രാജന്‍. ഒരു ചാനല്‍ പരിപാടിയില്‍ കുസൃതി ചോദ്യത്തിന് ഉത്തരം നല്‍കിയതായിരുന്നു അന്ന. മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കി.

ഇത് ഇത് മമ്മൂട്ടിയുടെ ചില ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അന്നയ്ക്ക് നേരെ കടുത്ത ആക്രമണമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരയുകയും ചെയ്തിരുന്നു.

അന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

മമ്മുക്ക വിളിച്ചു സംസാരിച്ചു… ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്… ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍.

എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോള്‍ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തില്‍ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു.

ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ എത്തിയതും… ഉടന്‍ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി…

നിങ്ങളുടെ സ്വന്തം,
ലിച്ചി

 

 

Related posts