ഇരിട്ടി: ഉളിക്കല്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. അപകടം ഉണ്ടായതിന്റെ നൂറ് മീറ്റര്‍ അകലെനിന്ന് ഇന്ന് രാവിലെ 9.30 ഓടെ ജീപ്പ് കണ്ടെത്തി. എന്നാല്‍ ജീപ്പിനുള്ളിലോ പരിസരത്തോ കാണാതായ കോളിത്തട്ടിലെ ലിതീഷ് (31)നെ കണ്ടെത്താനായില്ല.
ജീപ്പ് മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് കയറിട്ട് കെട്ടി വലിച്ച് കരയ്ക്കടുപ്പിച്ചത്. പാലം കാണാത്ത രീതിയില്‍ റോഡില്‍ കയറി ഒഴുകിയ വെള്ളം ഇറങ്ങിയെങ്കിലും പുഴയിലെ ഒഴുക്ക് ശക്തമാണ്. അതുകൊണ്ട് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് രാവിലെ പുഴയില്‍ മുങ്ങിയുള്ള തെരച്ചില്‍ തുടങ്ങിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മാട്ടറയില്‍ നിന്നും മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നു പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചപ്പാത്തിന് മുകളിലൂടെ കുത്തിയൊഴുകിയ വെള്ളത്തില്‍ ജീപ്പ് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു.
ജീപ്പ് ഓടിച്ചിരുന്ന ഷാജുകാരിത്തടം, വില്‍സണ്‍ പള്ളിപ്പുറം ,ജോയിലറ്റ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപെട്ടവരെല്ലാരും വയറിംഗ് തൊഴിലാളികളും കാണാതായ ലതീഷ് മണിക്കടവിലെ ഇലക്ട്രിക് ഷോപ്പുടമയുമാണ്. ഇന്നലെ ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേനയും ഉളിക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ പെട്ട ലിതീഷിനെയും വെള്ളത്തില്‍ മുങ്ങിപ്പോയ ജീപ്പും ഇന്നലെ കണ്ടെത്താനായിട്ടില്ല.
പുഴയില്‍ ഇറങ്ങിയുള്ള തിരച്ചില്‍ പ്രതികൂല കാലാവസ്ഥയേയും ശക്തമായ കുത്തൊഴുക്കിനെയും തുടര്‍ന്ന് വൈകുന്നേരത്തോടെ നിര്‍ത്തിവെച്ചിരുന്നു. മഴക്കാലത്ത് മലവെള്ളം കുത്തിയൊഴുകുന്ന ഈ ചപ്പാത്ത് മാറ്റി ഇവിടെ പാലം പണിയണമെന്നത് നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. അധികൃതര്‍ പദേശത്ത് കാരോട് കാണിച്ച അവഗണനയാണ് ഇപ്പോള്‍ ഇങ്ങിനെ ഒരു അത്യാഹിതം ഉണ്ടാകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ു