കൊച്ചി: ജീവിതവും ജോലിയും ക്രമീകരിക്കാന്‍ കഴിയാതെ 34 ശതമാനം സ്ത്രീകള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്.
രാജ്യത്തെ 73 ശതമാനം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ജെന്‍ഡര്‍ വൈവിധ്യ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയില്‍ 21 ശതമാനം മാത്രമാണ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമീപനങ്ങള്‍ സ്വീകരിക്കുന്നത്. 59% ശതമാനം സ്ഥാപനങ്ങളില്‍ നിര്‍ബന്ധിതമായ ഇന്റേണല്‍ പരാതി സമിതികള്‍ ഇല്ല.
37 ശതമാനം സ്ഥാപനങ്ങളും പ്രസവാവധി ആനുകൂല്യങ്ങള്‍ നല്കുന്നതില് വീഴ്ച വരുത്തുന്നു. 17.5 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് ശിശു സംരക്ഷണ സൗകര്യങ്ങള്‍ നല്‍കുന്നത്.
സെന്റര്‍ ഫോര്‍ ഇക്കണോമിക് ഡാറ്റ ആന്‍ഡ് അനാലിസിസ്,ഗോദ്റെജ് ഡിഇ ലാബ്സ്, അശോക യൂണിവേഴ്സിറ്റി, ദസ്ര എന്നിവയുടെ സഹകരണത്തോടെ ഉദൈതി ഫൗണ്ടേഷന് തയാറാക്കിയ വിമന്‍ ഇന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേറ്റഡ് എച്ച്ആര്‍ മാനേജര്‍മാരുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. വിമന്‍ ഇന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേറ്റഡ് സമ്മിറ്റില്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
55 ശതമാനം സ്ഥാപനങ്ങളും സ്ത്രീകളുടെ പുരോഗതി ഉന്നം വയ്ക്കുന്നതായി പറയുമ്പോഴും ലിംഗ അസമത്വം ഗൗരവമായി കൈകാര്യം ചെയ്യുന്നത് 37 ശതമാനം മാത്രമാണെന്നു സര്‍വേ കണ്ടെത്തുന്നു. നിയമനത്തിലും ലിംഗ പക്ഷപാതമുണ്ട്.
ജോലി ജീവിത അസന്തുലിതാവസ്ഥ മൂലം സ്ഥാപനങ്ങള്‍ വിട്ടുപോകുന്ന പുരുഷന്മാരുടെ നിരക്ക് നാലു ശതമാനം മാത്രമാണെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു ഉദൈതി ഫൗണ്ടേഷന് സിഇഒ പൂജ ശര്‍മ ഗോയല്‍ പറഞ്ഞു.