വടക്കാഞ്ചേരി: 20 കോടി രൂപയുടെ പദ്ധതിയിൽ ലൈഫ്മിഷൻ നിർമിക്കുന്ന ഫ്ലാറ്റിൽ ഒന്‍പതു കോടി രൂപ അഴിമതി നടത്തിയാൽ പിന്നെ ആ കെട്ടിടം എന്തിന് കൊള്ളാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ആദ്യം മന്ത്രി എ.സി. മൊയ്തീൻ ഇൻഷ്വറൻസ് ചെയ്ത് നൽകണമെന്നും ചെന്നിത്തല പറഞ്ഞു. നഗരസഭ ചരൽപറന്പിൽ നിർമ്മിക്കുന്ന ലൈഫ്മിഷൻ ഫ്ലാറ്റ് സന്ദർശിച്ച്, ഡിസിസിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ആരംഭിച്ച ജനപ്രതിനിധികളുടെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി 50 ഗ്ലാസ് വെള്ളമാണ് കുടിച്ചത്. സഭയിൽ യുഡിഎഫ് എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് പിണറായിക്ക് മറുപടി ഉണ്ടായിരുന്നില്ല. ചർച്ചയിൽ 90 മിനിറ്റാണ് യുഡിഎഫിന്റെ എംഎൽഎമാർക്ക് കിട്ടിയത്.
മുഖ്യമന്ത്രിക്ക് എത്രസമയം വേണമെങ്കിലും സംസാരിക്കാം, ആരും ചോദിക്കാനില്ലെന്നാണ് സത്യം. അദ്ദേഹത്തെ സ്പീക്കർക്കു വരെ പേടിയാണ്. സ്പീക്കറെ നീക്കാൻ യുഡിഎഫ് സഭയിൽ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിനെയും സഭയെയും സ്പീക്കർ അപമാനിച്ചു.
സ്പീക്കർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. എല്ലാം ശരിയാക്കാം എന്നുപറഞ്ഞ് വന്ന സർക്കാർ കേരളത്തെ തകർക്കുകയാണ്. ആരോ എഴുതിക്കൊടുത്ത പ്രസംഗമാണ് പിണറായി സഭയിൽ വായിച്ചത്.
ലൈഫ് തട്ടിപ്പിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോകയുക്തയ്ക്ക് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സമരത്തിൽ അനിൽ അക്കര എംഎൽഎഅധ്യക്ഷത വഹിച്ചു.
യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, ഡിസിസി പ്രസിഡന്റുമാരായ ഒ.അബ്ദുൾ റഹ്മാൻകുട്ടി, പത്മജ വേണുഗോപാൽ, യുഡിഎഫ് കണ്‍വീനർ ജോസഫ് ചാലിശ്ശേരി, എംപിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, യുഡിഎഫ് നേതാക്കളായ പി.എ. മാധവൻ, സുനിൽ അന്തിക്കാട്,
തോമസ് ഉണ്ണിയാടൻ, കെ.ആർ.ഗിരിജൻ, എം.പി. വിൻസെന്റ്, പി.സി.ചാക്കോ, ജോസ് വെള്ളൂർ, കെ. അജിത്കുമാർ, ജിജോ കുരിയൻ, രാജേന്ദ്രൻ അരങ്ങത്ത്, എൻ.ആർ.സതീശൻ, വൈശാഖ് നാരായണസ്വാമി, എൻ.എ. സാബു തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോ കോൺഫറൻസിംഗിലൂടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രസംഗിച്ചു.