കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പാര്‍പ്പിട സമുച്ചയ പദ്ധതിയിലെ കമ്മീഷന് ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐയ്ക്ക് അന്വേഷണം തുടരാം. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി. ജോസ് സമർപ്പിച്ച ഹര്‍ജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നല്കിയ പരാതിയാണിതെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, സർക്കാർ ഹർജി യുണിടാക്കിനെ സഹായിക്കാനാണോയെന്ന് സിബിഐ ചോദിച്ചു. കേസിൽ അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ സാധിക്കുകയുള്ളുവെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.