അന്പലപ്പുഴ: ലൈഫ് ഭവനപദ്ധതിയിൽ വീടിനായി 3 തവണ അപേക്ഷ നൽകിയ ഭിന്നശേഷിക്കാരന് ഇനിയും വീട് ലഭിച്ചില്ല. ഏതുനിമിഷവും തകർന്നടിയാവുന്ന വീട്ടിൽ ഭീതിയോടെ ഒരു കുടുംബം. പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് പഴയങ്ങാടി പുതുവൽ വേണുവാണ് തനിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള ഒരു വീടിനായി അലയുന്നത്.
പോളിയോ ബാധയെത്തുടർന്ന് ഇരുകാലും തളർന്ന വേണു, ഭാര്യ ബിന്ദു, വിദ്യാർഥിനിയായ മകൾ എന്നിവർക്കൊപ്പം തകർന്നടിഞ്ഞ ഈ വീട്ടിലാണ് കഴിയുന്നത്. 60 വർഷത്തോളം പഴക്കമുള്ള ഈ വീടിന്റെ പലഭാഗവും പൊട്ടിത്തകർന്നിരിക്കുകയാണ്. ഭിത്തിയും കട്ടിളയുമെല്ലാം ഏതു നിമിഷവും തകരാവുന്ന നിലയിലാണ്.
അടുക്കള ഭാഗം തകർന്നതിനാൽ ടാർപ്പോളിൻകൊണ്ട് മറച്ചിരിക്കുകയാണ്. ഷീറ്റു കൊണ്ടു നിർമിച്ച മേൽക്കൂര ഏതുനിമിഷവും താഴെ വീഴും. ഈ അവസ്ഥയിലാണ് തനിക്ക് ഒരു വീട് ലഭിക്കണമെന്നാവശ്യപ്പെട്ട് വേണു ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്.മുട്ടിലിഴഞ്ഞു ജീവിക്കുന്ന വേണു ഈ ആവശ്യമുന്നയിച്ച് മൂന്നു തവണയാണ് അപേക്ഷ നൽകിയത്.
വീട്ടിൽ മുറുക്കാൻ കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന വേണുവിന് സ്വന്തമായി ഒരു വീട് നിർമിക്കുകയെന്നത് സ്വപ്നം മാത്രമാണ്. കടൽഭിത്തിയോട് ചേർന്നുള്ള വീടായതിനാൽ തീരപരിപാലന നിയമത്തിന്റെ പേരു പറഞ്ഞാണ് തങ്ങൾക്കു വീട് ലഭിക്കാത്തതെന്നാണ് ഭാര്യ ബിന്ദു പറയുന്നത്.
മഴ പെയ്താൽ ഒരു തുള്ളി വെള്ളം പോലും പുറത്തേക്കു പോകില്ല. ചോർന്നൊലിക്കുന്ന ഈ വീട്ടിൽ മഴക്കാലത്തു പേടിയോടെയാണ് ഇവർ കഴിയുന്നത്. ഇത്തവണത്തെ ലൈഫ് ലിസ്റ്റിലെങ്കിലും തങ്ങളുടെ പേരുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ഇവർക്ക്. ഭിന്നശേഷിക്കാർക്ക് ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കേണ്ടതാണ്.
എന്നാൽ മൂന്നു തവണ അപേക്ഷ നൽകിയിട്ടും ഈ ഭിന്നശേഷിക്കാരനും കുടുംബവും ലൈഫ് ലിസ്റ്റിൽനിന്ന് ഇപ്പോഴും പുറത്തുതന്നെയാണ്. തങ്ങളുടെ ഈ ദുരിതജീവിതത്തിന് എന്ന് അറുതിവരുമെന്ന ചോദ്യമാണ് ഈ കുടുംബത്തിന്.