ആലപ്പുഴ: വിനോദസഞ്ചാരികളുടെ ജല സവാരിയുമായി ബന്ധപ്പെട്ട സർക്കാർ സുരക്ഷാ സംവിധാനങ്ങൾ ഫയലിൽ ഒതുങ്ങുന്നു. തട്ടേക്കാട് ബോട്ടപകടത്തെ തുടർന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സുരക്ഷ മാനദണ്ഡങ്ങളും ഇതനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ ബോട്ടുടമകളും യാത്രക്കാരും ഒരുപോലെ തയാറാകാതിരുന്നതോടെ വേന്പനാട്ട് കായലിലൂടെയുള്ള വിനോദസഞ്ചാരികളുടെ കായൽ സവാരി അപകടഭീഷണിയിലായിരിക്കുന്നത്.
ജലയാനത്തിലുള്ള സഞ്ചാരികൾ നിർബന്ധമായും ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്ന നിർദേശം ആദ്യഘട്ടങ്ങളിൽ കർശനമായി പാലിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥ തല പരിശോധനയോ മറ്റ് കാര്യങ്ങളോ ഇല്ലാതായതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.
യാത്രയ്ക്കിടയിൽ ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രികർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണ് ബോട്ട് ഉടമകളെ സുരക്ഷാ സംവിധാനങ്ങൾ പാലിക്കുന്നതിൽ പിന്നോട്ടടിച്ചത്.ഹൗസ് ബോട്ടിലും മോട്ടോർ ബോട്ടുകളിലും ശിക്കാരവള്ളങ്ങളിലുമൊക്കെ യാത്രചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ജലയാനത്തിൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നുപോലും അറിയാത്ത അവസ്ഥയാണ് നിലവിൽ.
ഹൗസ് ബോട്ടുകളിൽ നിന്ന് വീണ് വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടും ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കാനും ഓരോ ജലയാനത്തിലും ഇവ ഉറപ്പാക്കിയിട്ടുണ്ടെന്ന പരിശോധന കൃത്യമായ ഇടവേളകളിൽ നടത്താനും ബന്ധപ്പെട്ട വകുപ്പ് തയാറായിട്ടില്ല.
ബോട്ടുകളുടെ ലൈസൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് മിന്നൽ പരിശോധനകൾ നടത്തി ആവശ്യമായ രേഖകൾ ഇല്ലാത്തവയ്ക്കെതിരെ നടപടി സ്വീകരിക്കുന്പോഴും സുരക്ഷാ കാര്യങ്ങളിൽ അധികൃതരും വിട്ടുവീഴ്ച ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം കാറ്റിൽപ്പെട്ട ശിക്കാരവള്ളത്തിലുണ്ടായിരുന്ന സഞ്ചാരികളുൾപ്പെടെയുള്ളവർ കായലിൽ വീണ സംഭവമുണ്ടായിരുന്നു. കരയിൽ അപകടം കണ്ടുനിന്ന പ്രദേശവാസികൾ വാഴതടയുമായി വെള്ളത്തിൽ ചാടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇത്തരത്തിൽ അപകടങ്ങളുണ്ടാകുന്പോഴും സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാത്തത് ജല സവാരികളിലെ സുരക്ഷിതത്വം തന്നെയാണ് ഇല്ലാതാക്കുന്നത്.