തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി കൊടുത്ത സംഭവം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹാൻ എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൈക്കൂലി പണം എവിടെ പോയി എന്നറിയണമെങ്കിൽ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തിനെക്കുറിച്ചും ശിവശങ്കറിന്റെ സ്വത്തിനെ കുറിച്ചും അന്വേഷണം നടത്തണം.
മുഖ്യമന്ത്രിയുടെയും ശിവശങ്കറിൻരെയും ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോളുകൽ പരിശോധിക്കണം. അഴിമിതിക്ക് കൂട്ടു നിന്ന് മന്ത്രി എ.സി. മൊയ്തീനും രാജിവയ്ക്കണം.
കൈക്കൂലി കൊടുത്തവനും സ്വീകരിച്ചവരും സമ്മതിച്ച സ്ഥിതിക്ക് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണമെങ്കിലും പ്രഖ്യാപിക്കണം. ഇത് ലാവ്ലിൻ കേസിന് സമാനമായ സംഭവമാണ്. അതാണ് ഇതിനെ രണ്ടാം ലാവ്ലിനെന്ന് പറയുന്നത്.
എല്ലാ കേന്ദ്ര ഏജൻസികളെയും വിശ്വാസത്തിലെടുക്കുന്നു. എന്നാൽ എല്ലാ അന്വേഷണങ്ങളെയും അട്ടിമറിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൽ അന്വേഷണം അട്ടിമറിക്കുമെന്ന സംശയമാണുള്ളത്.