കൊച്ചി: ലൈഫ് മിഷന് കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാന്‍ ഇഡി.
കേസില്‍ ലോക്കര്‍ തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നാളെ ചോദ്യം ചെയ്യലിനു കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്കി.
ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാല്‍ അയ്യര്‍ക്കാണ് ഇഡിയുടെ നോട്ടീസ്. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം
. ശിവങ്കറിന്റെ നിര്‍ദേശപ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ തന്നെ വന്നു കണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. തുടര്‍ന്നാണ് സംയുക്തമായി ലോക്കര്‍ തുറന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്.
എന്നാല്‍ ശിവശങ്കര്‍ ഇതെല്ലാം നിഷേധിക്കുകയാണിപ്പോള്‍. ഇഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന നിഗമനത്തിലാണ് ഇഡി.
ചോദ്യം ചെയ്യല്‍ തുടങ്ങി
ഇന്ന് രാവിലെ മുതല്‍ ഇഡി ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തു തുടങ്ങി. ടെണ്ടറില്ലാതെ ലൈഫ് മിഷന് കരാര്‍ യൂണിടാക്കിന് നല്കാന് ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി.
ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാനാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യലിലൂടെ ഇഡി ശ്രമിക്കുന്നത്.
ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയില്‍ പങ്കാളികളായി എന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്.
അതിനിടെ ലൈഫ് മിഷന് കരാറിലെ കോഴപ്പണം വരുന്നതിനു മുന്‍പ് സ്വപ്ന സുരേഷും ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ നല്‍കുന്നത്.
ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സ്വപ്നയ്ക്ക് ജോലി നല്കാന് മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന സംഭാഷണവും ചാറ്റിലുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ജോലി നല്കാന് താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ തിരുത്തിയിട്ടുള്ളത്.
ഇന്നലെ എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ 20ന് ഉച്ചയ്ക്ക് 2.30 വരെയാണ് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.
പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാല്‍, കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പിന്നീട് കൂടുതല്‍ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ ഇഡിക്കെതിരേ കോടതിയില്‍ ശിവശങ്കര്‍ പരാതി ഉന്നയിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം 12 മണിവരെ ചോദ്യംചെയ്തു.
ഇതു ശാരീരിക ബുദ്ധിമുട്ടുണ്ടാക്കി, കൃത്യമായി ഭക്ഷണം കഴിക്കാനായില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ഇടവേള അനുവദിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
അതേസമയം അന്വേഷണത്തോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും, ഭക്ഷണം കഴിക്കാതെ പലപ്പോഴും ഉപവാസം ആണെന്നും ഇഡി കോടതിയെ അറിയിച്ചു.