കോഴിക്കോട്: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ ഭാഗിക സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ സുപ്രീംകോടതിയിലേക്കെന്നു സൂചന.
സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹര്‍ജി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയിലേക്കു പോവേണ്ട സാഹചര്യമുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നത്.
സിബിഐ ആസ്ഥാനത്തുനിന്ന് ഇതു സംബന്ധിച്ചുള്ള ക്ലിയറന്‍സ് ലഭിക്കാനുണ്ടെന്നു സിബിഐ അഭിഭാഷകന് അറിയിച്ചു. ക്ലിയറന്‍സ് ലഭിച്ചാല്‍ മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം നിയമവാഴ്ച അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. ലൈഫ് മിഷന് തട്ടിപ്പില്‍ ഈ നീക്കമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വ്യക്തമാക്കി.
നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ഏതറ്റംവരെ പോവുമെന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ലൈഫ് മിഷന് എതിരായ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
അതേസമയം യൂണിടാക്കിനെതിരേയുള്ള അന്വേഷണത്തിന് തടസങ്ങളില്ല. ലൈഫ് മിഷനെതിരേയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍ ഇതിന് കോടതി തയാറായിട്ടില്ല.
നയതന്ത്ര ബാഗേജ്വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതികളായ സ്വപ്നസുരേഷ്, സന്ദീപ്നായര്‍ തുടങ്ങി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരേയുള്ള തെളിവുകള്‍ വരെ സിബിഐ ശേഖരിച്ചിട്ടുണ്ട്.
അന്വേഷണം എവിടേക്ക് വേണമെങ്കിലും നീങ്ങാമെന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയത്.