കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രിയാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇഡി ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്നലെ ഇയാളെ പത്തു മണിക്കൂറോളം കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു.
അതിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യുഎഇ കോണ്‍സുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇഡിയുടെ ആരോപണം.
ലൈഫ് മിഷൻ പദ്ധതിക്കായി സംഭാവന നൽകിയ 18.5 കോടി രൂപയിൽ 3.8 കോടി രൂപ ഡോളറാക്കി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയത് സന്തോഷ് ഈപ്പനാണെന്നാണ് ഇഡി ആരോപിക്കുന്നത്.