കൊണ്ടോട്ടി: ലക്ഷംവീട് പദ്ധതിയില്‍ നിര്‍മിച്ച ഇരട്ടവീടുകള്‍ ലൈഫ്മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റവീടുകളാക്കാന്‍ ലഭിച്ച അപേക്ഷകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യത.
ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കുമ്പോള് ലൈഫ്മിഷന് മാറ്റിവെച്ച തുകയില്‍ നിന്നല്ലാതെ ഫണ്ട് കണ്ടെത്തണമെന്നതാണ് തദ്ദേശ സ്ഥാപനങ്ങളെ വെട്ടിലാക്കുന്നത്.
ലൈഫ് മിഷന് പദ്ധതികള്‍ക്കായി തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ 20 ശതമാനമാണ് മാറ്റിവയ്ക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ 20 ശതമാനം ലൈഫിലേക്ക് നല്‍കിയതിന് ശേഷമുളള ഫണ്ടുകളാണ്
തദ്ദേശ സ്ഥാപനങ്ങള്‍ മറ്റുളള പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തുന്നത്. ഇതില്‍നിന്ന് ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കാന്‍ കൂടി ഫണ്ട് നല്‍കണമെന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യതയാവുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ധനരായവര്‍ക്ക് വീടും സ്ഥലവും സൗജന്യമായി ലക്ഷംവീട് കോളനികളിലൂടെ നല്‍കിയത്. ചുമരുകള്‍ ചേര്‍ന്നുളള വീടുകളാണ് ഇവയിലേറെയും.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചവയും ആളില്ലാത്തതുമാണ് പലവീടുകളും. ഇത്തരം വീടുകള്‍ ഒറ്റവീടുകളാക്കി മാറ്റാനാണ് ലൈഫ് മിഷനില്‍ അപേക്ഷ ലഭിച്ചിരിക്കുന്നത്.
ഒറ്റവീടുകളാക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പ്രത്യേക പരിശോധന നടത്തി തദ്ദേശ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സ്ഥാപനങ്ങള്‍ ഫണ്ട് കൈമാറാന്‍ അനുമതിയുളളത്.
അതേസമയം ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടാത്ത പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലെ അര്‍ഹരായ ഗുണഭോക്താക്കളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് തുടര്‍ നടപടികള്‍ക്കായി ഈ മാസം 31നകം പ്രസിദ്ധീകരിക്കും.