വടക്കഞ്ചേരി: സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ വീടുനിർമാണം തുടങ്ങിയ നിർധന കുടുംബങ്ങൾ രണ്ടാംഗഡു തുക ലഭിക്കാതെ നട്ടംതിരിയുന്നു.ഒന്നാംഗഡുവായി 40,000 ലഭിച്ച് അതിനു തറപണിയും മറ്റും നടത്തി. പിന്നീട് മൂന്നുമാസമായിട്ടും രണ്ടാംഗഡു തുക ലഭിക്കാതെ കടംവാങ്ങിയും കടംപറഞ്ഞും കഷ്ടപ്പെടുകയാണ് വിവിധ പഞ്ചായത്തുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ.
വാർക്ക പൊക്കത്തിൽ ചുമർപണിത് നിർത്തിയ വീടുകളും നിരവധിയാണ്. ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ് രണ്ടാം ഗഡുവായി വിതരണം ചെയ്യേണ്ടത്. എന്നാൽ സർക്കാരിൽനിന്നും ലോണ് തുക ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
നാലുഗഡുക്കളായി നാലുലക്ഷം രൂപയാണ് ഒരു വീടുനിർമാണത്തിനു നല്കുന്നത്. ഓരോ പഞ്ചായത്തിലും നൂറുമുതൽ 300 വരെയും അതിൽ കൂടുതലും വീടുനിർമാണമാണ് ഇത്തരത്തിൽ ഫണ്ട് ലഭിക്കാതെ പാതിവഴിയിൽ നിർത്തിയിരിക്കുന്നത്. പഞ്ചായത്തുകളിൽ വന്ന ആയിരത്തിൽപരം അപേക്ഷകളിൽ നിന്നാണ് മാനദണ്ഡങ്ങൾക്കു വിധേയമായി അർഹരുടെ എണ്ണം മുന്നൂറാക്കി കുറച്ച് ലിസ്റ്റ് തയാറാക്കിയത്.
പദ്ധതിക്കായി ത്രിതല പഞ്ചായത്തുകളിൽനിന്നും ഇരുപതുശതമാനം ഫണ്ട് നീക്കിവച്ചിരുന്നു. ആ തുകയാണ് ഇപ്പോൾ ഒന്നാംഗഡുവായി നല്കിയിട്ടുള്ളത്. ചില പഞ്ചായത്തുകളിൽ രണ്ടാം ഗഡു തുകയുടെ പകുതി വിതരണം ചെയ്തതായും പറയുന്നു. ഒരു ഗഡു തുക ലഭിക്കണമെങ്കിൽ ആ തുകകൊണ്ട് ചെയ്യാനുള്ള പണികൾ നേരത്തെ തന്നെ ചെയ്ത് ഫോട്ടോ സഹിതം റിപ്പോർട്ട് സമർപ്പിച്ചാലാണ് തുക ലഭിക്കുക.
ഇതിനാൽ കടംവാങ്ങിയും ആധാരം പണയപ്പെടുത്തിയുമാണ് പലരും പണി നടത്തുന്നത്. പിന്നീട് തുക കിട്ടാൻ വൈകിയാൽ ഇവർ വലിയ പ്രതിസന്ധിയിലാകും.ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിൽ ഗുണഭോക്താക്കളായവർ സർക്കാരിനും ലൈഫ് മിഷനും നിവേദനം നല്കി.