അമേരിക്കയെ വെല്ലുവിളിച്ച വിപ്ലവകാരി, എന്നും അമേരിക്കയുടെ കണ്ണിലെ കരട്, ക്യൂബന്‍ സര്‍ക്കാരിനെ മറിച്ചിട്ട വിപ്ലവകാരി, ഫിദല്‍ കാസ്‌ട്രോയുടെ ഐതിഹാസിക ജീവിതത്തിലൂടെ

castroഎം.ജി.എസ്

സാധാരണ കമ്മ്യൂണിസ്റ്റുകാരില്‍നിന്നു വ്യത്യസ്തനായിരുന്നു കാസ്‌ട്രോ, ജനനം മുതല്‍ തന്നെ. ഒരു സമ്പന്ന കുടുംബത്തിലേക്കാണ് അദേഹം ജനിച്ചുവീണത്. ചെറുപ്പത്തില്‍ നല്ലൊരു പ്രാസംഗികനും വായനയില്‍ കമ്പമുള്ളയാളുമായിരുന്നുവെങ്കിലും വിപ്ലവം തലയ്ക്കുപിടിക്കുന്നത് കാമ്പസ് ജീവിതത്തിനിടെയാണ്. ഹവാന സര്‍വകലാശാലയില്‍ പഠിക്കുമ്പോഴായിരുന്നു അത്. സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ചുരുട്ടിനോട് ഇഷ്ടം കൂടിയ കാസ്‌ട്രോ വാക്കുകള്‍ സര്‍ക്കാരിനെതിരായ കൂരമ്പുകളായി മാറി. അമേരിക്കന്‍ പിന്തുണയോടെ സര്‍വാധിപത്യ ഭരണം നടത്തിയിരുന്ന ക്യൂബയിലെ ബാറ്റിസ്റ്റ സര്‍ക്കാരിനെതിരെ കലാപത്തിന് നേതൃത്വം നല്‍കുന്നതോടെയാണ് പാശ്ചാത്യലോകത്തിന്റെ കണ്ണുകളിലും ഈ ചെറുപ്പക്കാരന്‍ പെടുന്നത്. 1953 മൊന്‍കാഡ ബാരക്ക്‌സ് അക്രമത്തിലുടെ സര്‍ക്കാരിനെ മറിച്ചിടനുള്ള കാസ്‌ട്രോയുടെയും കൂട്ടരുടെയും നീക്കം പാളി. ഇതേത്തുടര്‍ന്ന് വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാസ്‌ട്രോയടക്കമുള്ളവര്‍ പിടിയിലായി. ഇതോടെ ജയില്‍വാസം.

ജയില്‍വാസത്തിനുശേഷം കാസ്‌ട്രോ മെക്‌സിക്കോയിലേക്ക് താവളം മാറ്റി. 26 ജൂലൈ പ്രസ്ഥാനമെന്ന സായുധ വിപ്ലവ സംഘത്തിന് ആരംഭം കുറിക്കുന്നത് അവിടെവച്ചാണ്. വിപ്ലവം പിറക്കേണ്ടത് തോക്കിന്‍കുഴലിലൂടെയാണെന്ന കാസ്‌ട്രോയുടെ ചിന്തകള്‍ക്ക് ശക്തിപകര്‍ന്ന് സഹോദരന്‍ റൗള്‍ കൗസ്‌ട്രോയും ചെഗുവേരയും ഒപ്പമുണ്ടായിരുന്നു. എന്തിനുംപോന്ന ചെറുപ്പക്കാരുടെ സംഘത്തോടൊപ്പം കാസ്‌ട്രോ ക്യൂബയിലേക്ക് തിരികെയെത്തി. ബാറ്റിസ്റ്റ സര്‍ക്കാരിന്റെ കനത്ത ആക്രമണങ്ങളെ നേരിട്ടായിരുന്നു ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍. കുന്നുകളിലും കാടുകളിലുമായി ജീവിതം. കാസ്‌ട്രോയുടെ ആശയത്തില്‍ അനുരക്തരായ നിരവധി ചെറുപ്പക്കാര്‍ സംഘടനയിലേക്ക് ഒഴുകിയെത്തി. സമാനമനസ്കരായ സംഘടനകളും പിന്തുണയുമായെത്തിയതോടെ യുണൈറ്റഡ് പാര്‍ട്ടി ഓഫ് ക്യൂബന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടു. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ 1959ല്‍ ബാറ്റിസ്റ്റ ഭരണകൂടത്തെ കാസ്‌ട്രോയും കൂട്ടരും അട്ടിമറിച്ചു.

ക്യൂബയുടെ ഭരണം പിടിച്ചെങ്കിലും അനായാസമായിരുന്നില്ല കാര്യങ്ങള്‍. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനും കാസ്‌ട്രോയെ കൊല്ലാനും അമേരിക്ക തക്കംപാര്‍ത്തിരുന്നു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഇതിനായി ചാരന്മാരെ വളര്‍ത്തിയെടുത്തു. വാടകക്കൊലയാളികള്‍ പലവട്ടം കാസ്‌ട്രോയെ ഉന്നംവച്ചെങ്കിലും പലപ്പോഴും നേരിയവ്യത്യാസത്തില്‍ അദ്ദേഹം രക്ഷപ്പെട്ടു.

1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായി. കാസ്‌ട്രോ ജനറല്‍ സെക്രട്ടറിയും. ഇതിനിടെ വലിയ സംഭവങ്ങളും ക്യൂബ മൂലം ലോകത്ത് സംഭവിച്ചിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള അടുപ്പം മൂലം അമേരിക്ക കാസ്‌ട്രോയ്‌ക്കെതിരേ തിരിഞ്ഞു. ക്യൂബയില്‍ ആണവമിസൈലുകള്‍ സ്ഥാപിക്കാനുള്ള റഷ്യന്‍ നീക്കമാണ് ഇതിനു കാരണമായത്. ഇതിനിടെ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ക്യൂബയുടെ നിലനില്പ് പ്രതിസന്ധിയിലായി. എന്നും വല്യേട്ടന്റെ സ്ഥാനത്തായിരുന്നു സോവിയറ്റ് യൂണിയന്‍. പാശ്ചാത്യ ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കാസ്‌ട്രോയെ സഹായിച്ചത് സോവിയറ്റ് ഭരണാധികാരികളായിരുന്നു. എന്നാല്‍ തളര്‍ന്നുപോകാതിരുന്ന കാസ്‌ട്രോ ക്യൂബയെ സമ്പന്നതയിലേക്ക് നയിച്ചു. ഒടുവില്‍ ശരീരം അനുവദിക്കാതായതോടെ അധികാരം സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് നല്കി മാതൃകയായി. ഒടുവില്‍ ആ വിപ്ലവസൂര്യന്‍ അസ്തമിച്ചു, തലകുനിക്കാതെ.

(രാഷ്ട്രദീപിക വെബ്‌ഡെസ്ക് തയാറാക്കുന്ന ലേഖനങ്ങള്‍ കോപ്പി ചെയ്ത് ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും.)

Related posts