തോഷഖാന അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നില അതീവ ഗുരുതരമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ.
”അറ്റോക്ക് ജയിലില്‍ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാന് ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ല. മുന്‍പ്രധാനമന്ത്രിയെ അഭിഭാഷകര്‍ കാണുന്നതില്‍ നിന്ന് ജയില്‍ അധികൃതര്‍ വിലക്കിയിരിക്കുകയാണെന്നും പിടിഐ പാര്‍ട്ടി കുറ്റപ്പെടുത്തി.
പിടിഐ പാര്‍ട്ടി വൈസ് ചെയര്മാന് ഷാ മഹ്മൂദ് ഖുറേഷിയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഖുറേഷി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇമ്രാന്‍ഖാനെ റാവല്‍പിണ്ടിയിലെ അട്യാല ജയിലിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റുവാനായിരുന്നു കോടതി ഉത്തരവിട്ടത്.
എന്നാലിത് പാലിക്കാതെയാണ് അറ്റോക്ക ജയിലില്‍ അടച്ചത്. ബി ക്ലാസ് സൗകര്യങ്ങള്‍ അറ്റോക്ക ജയിലില്‍ ലഭ്യമല്ല. ഇമ്രാനെ കാണുന്നതില്‍ നിന്ന് അഭിഭാഷകരെ പോലും വിലക്കി.
ഇതേ തുടര്‍ന്ന് വിധിക്കെതിരെ മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ഒപ്പ് രേഖപ്പെടുത്താന്‍ പോലുമാകുന്നില്ല. സംഭവത്തില്‍ കോടതി സ്വമേധയാ ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.
തോഷഖാന അഴിമതി കേസില്‍ മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും അഞ്ചു വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയായിരുന്നു ഇമ്രാന് ഖാന് എതിരെയുള്ള ശിക്ഷ.
പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാന്‍ഖാനെതിരായ കുറ്റം. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പാക്കിസ്ഥാന് സന്ദര്‍ശിച്ച അതിഥികളില്‍ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദര്‍ശനങ്ങളില്‍ ആതിഥേയരില്‍ നിന്നുമായി 6,35000 ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം.