ജബ്ബാര്‍ മൗലവി ഇവിടെയുണ്ട്; ”മാണിക്യ മലരായ പൂവി” ലോകം കീഴടക്കുമ്പോള്‍ ഗാനരചയിതാവിന്റെ ആരോരുമറിയാത്ത ജീവിതം ഇങ്ങനെ…

‘ മാണിക്യ മലരായ പൂവി’ ആരാധകഹൃദയങ്ങളെ കീഴടക്കിയും വിവാദങ്ങളുണ്ടാക്കിയും മുന്നേറുമ്പോള്‍ പി.എം.എ. ജബ്ബാര്‍ മൗലവി എന്ന ആ പാട്ടിന്റെ രചയിതാവ് സൗദിയിലെ ഒരു കുഞ്ഞുകടയിലെ ജോലിയുമായി ഒതുങ്ങിനജീവിക്കുകയാണ്. പാട്ടിന്റെ വീഡിയോ ലോകമെങ്ങും വൈറലായി പടരുമ്പോള്‍ വരികള്‍ എഴുതിയ ജബ്ബാര്‍ റിയാദിലെ മലസ് ഫോര്‍ട്ടീന്‍ സ്ട്രീറ്റിലെ കടയിലിരുന്നു സന്തോഷം മറച്ചുവയ്ക്കുന്നില്ല. 1978ലാണ് ജബ്ബാര്‍ മൗലവി മാണിക്യമലര്‍ ഗാനം എഴുതുന്നത്. അന്നു തന്നെ ഗാനം പ്രശസ്തമായിരുന്നു.

1978ല്‍ എഴുതിയപ്പോള്‍ തന്നെ മാണിക്യമലര്‍ എന്ന ഗാനം പ്രശസ്തമായിരുന്നു. മൂന്നുമാസം മുമ്പാണ് അനുവാദം ചോദിച്ച് സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ ബന്ധപ്പെട്ടത്. ഗാനം പുറത്തുവിടുന്ന കാര്യവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെന്നും ജബ്ബാര്‍ പറയുന്നു.

ഗാനത്തില്‍ ഷാന്‍ റഹ്മാന്റെ പുനരാവിഷ്‌കാരവും ഒമര്‍ ലുലുവിന്റെ സംവിധാനവും വളരെ ഇഷ്ടമായി എന്നും തന്റെ വരികള്‍ ജനങ്ങള്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷം എന്നും ജബ്ബാര്‍ പറയുന്നു. പാട്ടു സിനിമയിലെത്തിയെങ്കിലും ജബ്ബാറിന് പ്രതിഫലമൊന്നും നല്‍കിയിട്ടില്ല. തരാമെന്ന് ആരും വാഗ്ദാനവും ചെയ്തിട്ടില്ല. പാട്ടിന് പണം കിട്ടിയില്ലെങ്കിലും ആരോടും പരിഭവമില്ലെന്നും ജബ്ബാര്‍ പറഞ്ഞു.

പ്രണയവും വിവാഹവും സ്നേഹവും പാപമാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളോട് പാട്ടെഴുത്തുകാരന്റെ ചോദ്യം. പാട്ടു കേള്‍ക്കുമ്പോഴും സിനിമ കാണുമ്പോഴും ഉണ്ടാകുന്ന വികാരങ്ങളെ വിവാദങ്ങളാക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. മുഹമ്മദ് നബിയുടേയും ഭാര്യ ഖദീജയുടേയും ആഴത്തിലുള്ള പ്രണയം വ്യക്തമാക്കുന്ന വരികളാണ് എഴുതിയത്.

വിവാദങ്ങള്‍ ഉണ്ടാക്കേണ്ട യാതൊന്നും താനെഴുതിയ വരികളിലില്ല എന്ന് ജബ്ബാര്‍ പറയുന്നു. പി.എം.എ. ജബ്ബാര്‍ കരുപ്പടന്ന എന്ന ഈ മാപ്പിളപ്പാട്ട് പ്രതിഭ അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മാണിക്യമലരായ പൂവിതന്നെ. 1978-ല്‍ ആകാശവാണിക്കുവേണ്ടിയാണ് ഗാനം എഴുതിയത്. തലശേരി കെ. റഫീക്കായിരുന്നു സംഗീതം നല്‍കിയത്. 92-ല്‍ ഏഴാം ബഹര്‍ എന്ന ഓഡിയോ കാസറ്റ് ആല്‍ബത്തിലും ഗാനം ഉള്‍പ്പെടുത്തി.

വെള്ളാങ്ങല്ലൂര്‍ മന്‍സിലുല്‍ ഹുദാ മദ്രസയിലെ കുട്ടികള്‍ക്ക് പാടാന്‍ വേണ്ടിയാണ് ജബ്ബാര്‍ എഴുതിത്തുടങ്ങിയത്. 1972-ല്‍ മാപ്പിളഗാന സാഹിത്യത്തിലേക്ക് തിരിഞ്ഞ ജബ്ബാര്‍ 15 വര്‍ഷത്തോളം ആ രംഗത്ത് നിറഞ്ഞുനിന്നു. 25 വര്‍ഷം മുമ്പ് തൊഴില്‍തേടി സൗദിയിലേക്ക് പോകേണ്ടിവന്നപ്പോഴാണ് ജബ്ബാര്‍ രംഗത്തുനിന്ന് താല്‍ക്കാലികമായി പിന്മാറിയത്.

അവസരം വരുമ്പോള്‍ വീണ്ടും എഴുതണം എന്നുതന്നെയാണ് ആഗ്രഹം. ഒന്നരപതിറ്റാണ്ടോളം ഖത്തറില്‍ ജോലിചെയ്ത ശേഷമാണ് ജബ്ബാര്‍ സൗദിയിലെത്തിയത്. ഐഷാബിയാണ് ഭാര്യ റഫീദ, അമീന്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്. പാട്ട് ഇതുവരെ രണ്ടുകോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

 

Related posts