പ്രസ്ഥാനത്തിനായി വിവാഹം പോലും വേണ്ടെന്നുവച്ചു, പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണി പോരാളി, മിസോറാം ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട കുമ്മനത്തിന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത് ദീപികയില്‍

കുമ്മനംകാരുടെ പ്രിയപ്പെട്ട രാജന്‍ ചേട്ടന്‍ ഇനി മിസോറം ഗവര്‍ണര്‍. കോട്ടയം അയ്മനം പഞ്ചായത്തിലെ കുമ്മനത്തു ജനിച്ചു വളര്‍ന്ന കുമ്മനം രാജശേഖരന്‍ എന്ന 67 കാരന്‍ ആര്‍എസ്എസിന്റെ പ്രചാരക സ്ഥാനത്തുനിന്നുമാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായത്. പത്രപ്രവര്‍ത്തകന്‍, സംഘ പ്രചാരകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, വിവിധ ഹിന്ദു സംഘടനകളുടെ നായകന്‍ തുടങ്ങിയ മേഖലയില്‍ സജീവസാന്നിധ്യമാണു കുമ്മനം. പ്രസ്ഥാനത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതത്തില്‍ വിവാഹംവരെ വേണ്ടെന്നുവച്ചയാളും. നിസ്വാര്‍ഥസേവനത്തിന് അംഗീകാരമായി ഒടുവില്‍ ഗവര്‍ണര്‍ പദവിയും.

കോട്ടയം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ വൈസ്പ്രസിഡന്റായിരുന്ന കുമ്മനം ഇളങ്കാവ് വാളാവള്ളിയില്‍ (പാര്‍വതി മന്ദിരത്തില്‍) അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പാര്‍വതിയുടെയും എട്ടു മക്കളില്‍ നാലാമനാണ് . കോട്ടയം എന്‍എസ്എസ് സ്‌കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം സിഎംഎസ് കോളജില്‍നിന്നു ബോട്ടണിയില്‍ ബിരുദം നേടി. തുടര്‍ന്നു കൊച്ചി ഭാരതീയവിദ്യാഭവനില്‍നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ രാജശേഖരന്‍ 1974ല്‍ ദീപികയില്‍ സബ് എഡിറ്ററായി ചേര്‍ന്നു. പിന്നീട് പല ദിനപത്രങ്ങളിലും ജോലി ചെയ്തു. സ്‌കൂള്‍ കോളജ് പഠനകാലം മുതല്‍ വാരികകളിലും മാസികകളിലും എഴുതിത്തുടങ്ങി.

സമാജത്തെ സേവിക്കാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്ന സ്വാമി ചിന്മയാനന്ദന്റെ ആഹ്വാനം സ്വീകരിച്ച് വിശ്വഹിന്ദു പരിക്ഷത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1981ല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചു. കോര്‍പറേഷന്റെ കോട്ടയം, കൊച്ചി, ആലപ്പുഴ ശാഖകളില്‍ ജോലി ചെയ്തു. ജോലിക്കൊപ്പം സംഘടനാ പ്രവര്‍ത്തനവും തുടര്‍ന്നു.

1983ല്‍ നിലയ്ക്കല്‍ സംഭവത്തില്‍ സജീവമായി ഇടപ്പെട്ടു. 1984ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും ഹിന്ദു മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. 1987ലാണ് ആര്‍എസ്എസിന്റെ സജീവ പ്രചാരകനായി മാറുന്നത്. ഹിന്ദു ഐക്യവേദിക്ക് തുടക്കമിട്ടതും കുമ്മനമായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പം മുതലേ പ്രാമുഖ്യം നല്‍കിയ ഈ പരിസ്ഥിതി സ്‌നേഹി തണ്ണീര്‍തടങ്ങള്‍ നികത്തി നിര്‍മിക്കുന്ന ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള സമരമുന്നണിയായ ആറന്‍മുള പൈതൃക ഗ്രാമ കര്‍മസമിതിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനുള്ള സമരത്തിലും പോരാളിയായി.

ആര്‍എസ്എസ് പ്രചാരകനായതോടെ സന്യാസ ജീവിതം ആരംഭിച്ച കുമ്മനം കൊച്ചി ഇളമക്കരയിലെ ആര്‍എസ്എസിന്റെ കാര്യലയത്തിലായിരുന്നു താമസവും പ്രവര്‍ത്തനവും. ബിജെപി സംസ്ഥാന പ്രസിഡന്റായതോടെ കേരളത്തിലെ ബിജെപിയെ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Related posts