മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് ദിലീപിനെ നായകനാക്കി ലാല്ജോസ് സംവിധാനം ചെയ്ത മീശമാധവന്.
ചിത്രത്തിലെ പട്ടാളം പുരുഷുവിനെ മറക്കാന് പ്രേക്ഷകര്ക്ക് ഒരിക്കലുമാവില്ല.പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ഡയലോഗ് ഇന്നും ട്രോളുകളില് പറന്നു കളിക്കുന്നുണ്ട്.
കടുത്തുരുത്തി ജെയിംസ് എന്ന നടന് ആയിരുന്നു പട്ടാളം പുരുഷുവായി പ്രേക്ഷകര്ക്ക് മുന്നില് എത്തിയത്.
ഒരുപക്ഷെ പലര്ക്കും ഈ പേര് അത്ര സുപരിചിതമല്ലെങ്കിലും കടുത്തുരുത്തി ജെയിംസ് അവതരിപ്പിച്ച കഥാപാത്രങ്ങള് പ്രേക്ഷകര് മറക്കാനിടയില്ല.
1976 മുതല് 2006 വരെ മുപ്പതുവര്ഷ കാലം ജെയിംസ് മലയാള സിനിമയില് നിറഞ്ഞു നിന്നു. നായകന്മാരുടെ സുഹൃത്തായും വില്ലനായും ഹാസ്യതാരമായുമൊക്കെ ജയിംസ് നിരവധി കഥാപാത്രങ്ങളെയാണ് മലയാളികള്ക്ക് സമ്മാനിച്ചത്.
ശ്രീകുമാരന് തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ. ചെറിയൊരു കഥാപാത്രമായിട്ടാണ് ജെയിംസ് സിനിമയില് അഭിനയിച്ചത്.
പിന്നീട് വിന്സെന്റ് സംവിധാനം ചെയ്ത അഗ്നിനക്ഷത്രം എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രമായി നടന് അഭിനയിച്ചു.
എംജി സോമന് അവതരിപ്പിച്ച ബര്ണാഡ് എന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു നടന് സിനിമയില് ചെയ്തത്.
സ്ത്രീ ഒരു ദുഖം, സ്വര്ഗ്ഗദേവത, രക്തം, ആട്ടകലാശം തുടങ്ങി സിനിമകളിലും തുടക്ക കാലത്ത് ചെറിയ വേഷങ്ങളില് നടന് എത്തി.
പാവം പൂര്ണ്ണിമ സിനിമയിലെ വര്മ്മ, ചങ്ങാത്തം സിനിമയിലെ കോണ്സ്റ്റബിള് കുഞ്ഞുണ്ണി, കാണാതായ പെണ്കുട്ടിയിലെ രാജഗോപാല്, ദൈവത്തെയോര്ത്ത് സിനിമയിലെ തങ്കച്ചന്, മുത്താരംകുന്ന് പിഓയിലെ അയ്യപ്പന് തുടങ്ങിയ കഥാപാത്രങ്ങളായും നടന് തിളങ്ങി.
പത്താമുദയം, എന്റെ ഉപാസന, മനസ്സറിയാതെ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളില് ജെയിംസ് എത്തി.
ഹിറ്റ് മേക്കര് പ്രിയദര്ശന് സംവിധാനം ചെയ്ത അരം പ്ലസ് അരം കിന്നരം എന്ന സിനിമയില് രസകരമായ ഒരു കഥാപാത്രമായി ജെയിംസ് എത്തി.
ജഗതി ശ്രീകുമാര് അവതരിപ്പിച്ച മനോഹരന് എന്ന കഥാപാത്രത്തിന്റെ കെ ആന്ഡ് കെ ആട്ടോ മൊബൈല്സ് വര്ക്ക് ഷോപ്പിലെ പണിയറിയാവുന്ന ഒരേയൊരു പണിക്കാരനായിട്ടാണ് നടന് എത്തിയത്.
സിനിമയില് നായകനായ മോഹന്ലാലിന് ഒപ്പം നിരവധി രംഗങ്ങളില് ജെയിംസ് അവതരിപ്പിച്ച ആ കഥാപാത്രം എത്തുന്നുണ്ട്.
ഇപ്പോഴും ആ രംഗങ്ങളൊക്കെ സോഷ്യല് മീഡിയയില് വൈറലാണ്. സംഘം സിനിമയിലെ പാപ്പി, വിറ്റ്നസ് സിനിമയിലെ ഗോപാലപിള്ള, മഹായാനം സിനിമയിലെ ചാത്തൂട്ടി, കാലാള്പടയിലെ കുഞ്ഞപ്പന്, സന്ദേശം സിനിമയിലെ പാര്ട്ടിപ്രവര്ത്തകന് തുടങ്ങിയ കഥാപാത്രങ്ങളും ജെയിംസ് എന്ന നടനെ പ്രേക്ഷകരിലേക്ക് എത്തിച്ചവ ആയിരുന്നു.
ജയറാം നായകനായി എത്തിയ മേലേപ്പറമ്പില് ആണ്വീട് സിനിമയില് ജെയിംസ് അവതരിപ്പിച്ച അണ്ണന് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
ശോഭന അവതരിപ്പിച്ച പവിഴം എന്ന കഥാപാത്രത്തിന്റെ അണ്ണന് സിനിമയിലെ വില്ലനാണ്. ജെയിംസിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി അത് പിന്നീട് മാറുകയും ചെയ്തു.
ജോഷി സംവിധാനം ചെയ്ത പത്രം സിനിമയിലെ അരവിന്ദന് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു. മുരളി, മഞ്ജുവാര്യര് തുടങ്ങിയവര്ക്കൊപ്പം നിരവധി കോമ്പിനേഷന് രംഗങ്ങളില് ജെയിംസിന്റെ അരവിന്ദന് എത്തുന്നുണ്ട്.
നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു പത്രത്തിലെ അരവിന്ദന്. ഒരു മറവത്തൂര് കനവ് സിനിമയില് നായകനായ മമ്മൂട്ടിയുടെ സുഹൃത്തായ കഥാപാത്രമായിട്ടാണ് ജെയിംസ് എത്തിയത്.
സിനിമയിലുടനീളം നിറഞ്ഞു നിന്നൊരു കഥാപാത്രമായിരുന്നു സിനിമയില് അത്. ജെയിംസ് ചാക്കോ എന്ന നടനെ ജനകീയനാക്കിയത് മീശമാധവന് എന്ന സിനിമയിലെ പട്ടാളം പുരുഷോത്തമന് എന്ന കഥാപാത്രം ആണ്.
കൊമ്പന് മീശയും പട്ടാള വേഷവും ധരിച്ച് മിക്ക രംഗത്തും പ്രത്യക്ഷപ്പെടുന്ന പുരുഷോത്തമനെ മലയാളികള് ഒരിക്കലും മറക്കില്ല.
പുരുഷൂന് ഇപ്പോ യുദ്ധമൊന്നുമില്ലേ, പുരുഷു എന്നെ അനുഗ്രഹിക്കണം തുടങ്ങിയ സംഭാഷണമൊക്കെ മലയാളികള് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ജോഷിയുടേയും ലാല്ജോസിന്റേയും സിനിമകളില് സജീവ സാന്നിധ്യമായിരുന്നു ജെയിംസ്. യെസ് യുവര് ഓണര്, പച്ചകുതിര തുടങ്ങിയ സിനിമകളിലാണ് ജെയിംസ് അവസാനമായി അഭിനയിക്കുന്നത്.
ജിജി ജെയിംസ് ആണ് ഭാര്യ. ജിക്കു ജെയിംസ്, ജിലു ജെയിംസ് എ്ന്നിവര് മക്കളാണ്. രണ്ടായിരത്തി ഏഴില് ഹൃദയസ്തംഭനത്തെ തുടര്ന്ന് ആ കലാകാരന് ഈ ലോകത്തോട് വിടപറയുകയായിരുന്നു.